സദ്യ കഴിഞ്ഞാൽ

വിസ്തരിച്ച് സദ്യയൊക്കെ കഴിഞ്ഞു. ഏംബക്കോം വിട്ട് പുറത്തിറങ്ങുമ്പോൾ ആരെങ്കിലും അഭിപ്രായം ചോദിച്ചാലോ? സഞ്ജയൻ പറഞ്ഞൊരു കഥയിൽ, ചെക്കൻ വീട്ടുകാർ പെണ്ണിന്റെ വീട്ടിൽ സദ്യ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, അവരിൽ പ്രമാണികർ പരസ്പരം പറയാൻ തുടങ്ങി "സദ്യ മഹാ.." എന്നു പറഞ്ഞ് തല തിരിച്ചു നോക്കിയപ്പോൾ പെൺ വീട്ടുകാരുടെ പ്രമാണി അടുത്ത്.  ".. നന്നായിരിക്കുന്നു' എന്നു പറഞ്ഞവസാനിപ്പിച്ചത്രെ.

പക്ഷെ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. ആര് സദ്യ തരുന്നു, ആരോടഭിപ്രായം പറയുന്നു എന്നൊക്കെ നോക്കീം കണ്ടും വേണം പറയാൻ. സാക്ഷാൽ കുഞ്ചൻ നമ്ന്പ്യാർക്കതറിയാമായിരുന്നു.

കുഞ്ചൻ നമ്പ്യാർ ചെമ്പകശ്ശേരി രാജ്യത്ത് ചെന്ന് ഊണ് കഴിച്ചതിനു ശേഷം, "സദ്യ എങ്ങിനെ?" എന്ന രാജാവിന്റെ ചോദ്യത്തിന് കൊടുത്ത ഉത്തരം

"പത്രം വിസ്തൃതമത്ര, തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌, കിനിയെപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും
പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ദൃഢം"

അർത്ഥം:
പത്രം വിസ്തൃതമത്ര = ഇവിടെ എല വളരെ വലുതാണ്
തുമ്പമലര്‍ തോറ്റോടീടിനോരന്നവും = തുമ്പപ്പൂവിനെ തോല്പിക്കുന്നത്ര മൃദുലവും, കുഴയാത്തതുമായ ചോറ്
പുത്തന്‍ നെയ്‌ = അല്പം പോലും പഴകാത്ത നെയ്
കിനിയെപ്പഴുത്ത പഴവും = ചെറുതായി പഴുത്ത പഴം
കാളിപ്പഴം = കദളിപ്പഴം
കാളനും = കാളനും
പത്തഞ്ഞൂറു കറിക്ക് ഉദാസ്യമിയലും നാരങ്ങയും മാങ്ങയും = പത്തഞ്ഞൂറു കറികളെക്കാൾ ഇവിടത്തെ നാരങ്ങാക്കറിയും മാങ്ങാക്കറിയും ശ്രേഷ്ഠമാണ് (ഉദാസ്യം = ശ്രേഷ്ഠം)
നിത്യം ചെമ്പകനാട്ടിലഷ്ടി = എന്നും ചെമ്പകനാട്ടിൽ ഊണ്
തയിര്‍മോര്‍ തട്ടാതെ കിട്ടും = തയിരും മോരും തടവില്ല്ലാതെ (സുലഭമായി) കിട്ടും
ദൃഢം = തീർച്ച.
--------------------

തിരിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ, വിവരം നേരത്തെ അറിഞ്ഞ രാജാവ് അല്പം നീരസത്തോടേ "ഓഹോ, ചമ്പകനാട്ടിലെ ഊണ് ഇവിടത്തേക്കാൾ അത്ര കേമാണോ" എന്ന ചോദ്യത്തിന് കൊടുത്ത ഉത്തരം

അർത്ഥം:
പത്രം വിസ്തൃതമത്ര തുമ്പ = ഇവിടെ എല തുമ്പയിലയുടെ അത്രയേഉള്ളു
മലര്‍ തോറ്റോടീടിനോരന്നവും = മലര് പോലെയുള്ള ചോറും
പുത്തന്‍ നെയ്‌ കിനിയെ = പുതിയ നെയ്യാണ്, പക്ഷെ ഒരല്പം മാത്രം
പഴുത്ത പഴവും കാളി = പഴുത്ത് ചീഞ്ഞതുപോലുള്ള പഴവും
പഴം കാളനും = പഴയ (വളിച്ച) കാളനും.
പത്തഞ്ഞൂറു കറിക്ക് ദാസ്യം ഇയലും നാരങ്ങയും മാങ്ങയും = നാരങ്ങാക്കറിയും മാങ്ങാക്കറിയും പത്തഞ്ഞൂറു കറിക്ക് ദാസ്യ വേല ചെയ്യും
നിത്യം ചെമ്പകനാട്ടിലഷ്ടി = എന്നും ചെമ്പകനാട്ടിൽ ഊണ്
തയിര്‍മോര്‍ തട്ടാതെ കിട്ടും = തൈരും മോരും തൊടീക്കാതെ (ഇല്ലെന്നർത്ഥം)
ദൃഢം = തീർച്ച.

അങ്ങനെയൊക്കെ വേണം വിമർശിക്കാൻ!

<- ഹേയ് ന്താദ്, എല വച്ചട്ടും കൂടീല്യ.

2 comments:

  1. I've been searching for this for a long time... :)

    ReplyDelete
  2. Ee lekhanam muzhuvanum vayichu... rachana manoharam.. arivinodoppam oru sadya kazhicha pratheethi...
    santhosham...

    ReplyDelete