വിട്ടുകളഞ്ഞ നിഘണ്ടു

കഴിഞ്ഞ ലക്കത്തിൽ ഞാനൊരു 'സാങ്കേതിക പദനിഘണ്ടു' അവതരിപ്പിച്ചിരുന്നു. അതീ നാട്യത്തിലൊക്കെ 'പതാക', 'ഹംസം' എന്നൊക്കേള്ള മുദ്രകള് പോലേം, മേളത്തിൽ 'അടന്ത', 'ത്രിപുട' എന്നിത്യാദി താളങ്ങള് പോലേം, സംഗീതത്തില് 'നാട്ട', 'ഹംസദ്ധ്വനി' മുതലായ രാഗങ്ങള് പോലേം, താളത്തില് 'ആദി', 'ചൗക്ക'  അങ്ങനെള്ള നടകള് പോലേം, കവിതേല് 'സ്രഗ്ദ്ധര', 'ശാർദ്ദൂലവിക്രീഡിതം' എന്നിത്യാദി വൃത്തങ്ങള് പോലേം, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങില്, 'സബ് റുട്ടീൻ', 'റികർഷൻ' എന്നിത്യാദി എക്സിക്യൂഷൻ സ്കീംസ് പോലേം, ഐ ടീല് 'ഡാറ്റാ മൈനിംഗ്', 'എം. ഐ. എസ്' എന്നിത്യാദി ഡാറ്റാ പ്രോസസിംഗ് സിസ്റ്റംസ് പോലേം, നെൽ കൃഷീല് 'ഐ ആറെട്ട്', 'ജീയെം' എന്നൊക്കെള്ള ജനിറ്റിക് വൈകൃതങ്ങളെ പോലേം, കക്കൂസില് 'യൂറോപ്യൻ', 'നേറ്റീവ്' തൊടങ്ങിയ സംവിധാനങ്ങള് പോലേം, ആടോ മൊബൈലില് 'ക്രുയ്സ്', 'ഫോർ വീൽ ഡ്രൈവ്' പോലേള്ള വാഹന വൈവിധ്യം പോലേം ഒക്കെ ഒക്കെ, തീറ്റേടെ 
കാര്യത്തില് 'കൊഴക്കുക', 'ഉരുട്ടുക'  'കൂട്ടിക്കൊഴക്ക് ആ' ന്ന് പറഞ്ഞാ എന്താ കാര്യം ന്ന് മനസ്സിലാവണ്ടേ. അതിനാ. 
പക്ഷേ ഒരു നിഘണ്ടു ഞാനിവടെ ബോധപൂർവ്വം വിട്ടു കളഞ്ഞു. അത് 'എരിശ്ശേരി', 'പുളിശ്ശേരി', 'ഓലൻ' മുതലായ പദങ്ങളൂടെ നിഘണ്ടുവാണ്. ഇതിനെന്തിനാ നിഘണ്ടൂ... ന്ന്, അല്ലേ. പറയാം.
ന്നാളൊരു ദിവസം ഒരാളെന്നോട് പറയ് ആ, 'നിക്ക് തീയല് ഷ്ടല്ല്യാ ട്ടോ’. തീയല് ന്ന് ള്ളത് വളരെ രസോള്ള ഒരു കൂട്ടാനാ. ചേനേം, ചൊവന്നുള്ളീം, നേന്ത്രക്കായേം ഒക്ക കൊണ്ടാണ് അത് വിരചിക്കപ്പെടുന്നത്. അധികം പ്രാവശ്യം പാരായണം ചെയ്യാൻ പറ്റില്ല്യ. നന്നായിട്ടൊരുതവണ പാരായണം ചെയ്താ ത്തന്നെ മോക്ഷം കിട്ടും! കഥകളീല് ഈ കത്തിവേഷണ്ടല്ലോ, ഏതാണ്ടതുപോലെ. രൗദ്രം ആണ് നവരസത്തിൽ. എരിവാണ് ഷഡ്രസത്തിൽ. അപ്പ ഞാൻ അയാളേ എന്റെ വീട്ടിലിക്ക് ഒരീസം ഉണ്ണാൻ വിളിച്ചു. ന്നട്ട്, 'ഈ സാമ്പാറ് എങ്ങനേണ്ട് ന്ന് നോക്കൂ' ന്നും പറഞ്ഞോണ്ട് നല്ല ചൊവന്നുള്ളീം, ചേനേം ഇട്ട തീയല് വെളമ്പി. ആ വിദ്വാൻ മൃഷ്ടാനം ഭുജിച്ചട്ട് പറയ് ആ. 'ഹോ ഇത് സാധാരണ സാമ്പാറൊന്ന്വല്ലാ ട്വോ. ഗംഭീരം. ക്ഷ പിടിച്ചു, നിക്ക്' ന്ന്!! അതെങ്ങനേണ്ട്? അപ്പ പല ഇഷ്ടാനിഷ്ടങ്ങളും പേരിനോടാണ് വിഭവങ്ങളോടല്ല. അതുകൊണ്ട് ഞാനിവടെ പറയണ വിഭവങ്ങള് പേര് കൊണ്ട് മനസ്സിലാക്കാൻ ഊണ് കാർക്ക് (വായനക്കാരല്ലല്ലോ!) പറ്റും ന്ന് നിരീക്യാ.


ഇതൊക്കെഴുതുമ്പോ എന്റെ ശരിക്ക് ള്ള സങ്കടം ഇതൊന്ന്വല്ലാ. എരിശ്ശേരീം കൂട്ടുകറീം ഒരേ വിഭാഗത്തിൽ പെടുന്ന കൂട്ടാനാണെന്നത് ആദ്യത്തെ സങ്കീർണ്ണത. എരിശ്ശേരി പരിപ്പിട്ടും പയറിട്ടും ണ്ടാക്കാം ന്ന് ള്ളത് വീണ്ടും സങ്കീർണ്ണമാക്കി. അതിലോരോന്നിലും ഇടുന്ന പച്ചക്കറികൾ കൊണ്ട് വരുന്ന വ്യത്യാസം പിന്നേം കൊഴക്കും. പിന്ന്യല്ലേ 'ഡോ ഈ എരിശ്ശേരീടെ വറവ് ശരിയായോ ന്ന് നോക്ക് ആ' എന്ന് ആദ്യത്തെ ലെവല് പോലും അറിയാത്ത ഒരു ഉണ്ണാമനോട് പറയണത്. എന്റെ അച്ഛനും, അച്ഛന്റട് ത്ത്ന്ന് കൊറെയൊക്കെ ഞാനും, എരിശ്ശേരീടെ വറവ് (തേങ്ങയുടെ) മണം കൊണ്ട് വിലയിരുത്താൻ കഴിവുള്ളവരാണ്. ആ വറവ് ഒരിത്തിരി മുമ്പാക്കോ പിന്നാക്കോ പോയാ, പോയീ. പിന്നെ നാക്കത്ത് ശോഭിക്കില്യാ. 



<-അതൊന്നൂടി പറയാ                                                                         വെശക്ക്ണൂ വേഗാട്ടേ->

No comments:

Post a Comment