സദ്യവിധി - സാമ്പാറിനു മുമ്പോരു "സാമ്പാർ" ശ്ലോകം

ഉഗ്രൻ ലാവണ്യപൂർണ്ണോദ്രസനരിയ മരീച്യാദി സംസേവ്യനങ്ങ-
വ്യഗ്രൻ ബ്രഹ്മാണ്ഡകുക്ഷിസ്ഥലമതു നിറവോൻ ഭക്തമോദപ്രദായീ
ദുർഗ്ഗൻ ദുഷ്ടർക്കഹോ നൽ ക്കടുരുചി ശുചി തൃക്കൊത്തമല്ലീശരാരി
ശ്ലാഘ്യൻ കാളോപരിസ്ഥൻ വിലസതു സതു സാമ്പാറനെന്നുള്ളിലേറ്റം.

ഈ ശ്ലോകം സാമ്പാറിന്റെ മഹത്വത്തെ പ്രകീർത്തിച്ചും, അത്, കാളനേക്കാൾ മീതെയാണെന്നും മറ്റും വർണ്ണിച്ചെഴുതപ്പെട്ടിട്ടുള്ള ശ്ലോകമാണ്.

ഉഗ്രൻ = ശക്തമായ രൂക്ഷസ്വാദുള്ളവൻ
ലാവണ്യപൂർണ്ണോദ്രസൻ = ഉപ്പുരസം (ലവണം) ചേർന്ന് മികച്ച രസം (സ്വാദ്) ഉള്ളവൻ
അരിയ = ദുർല്ലഭമായ / വിശേഷപ്പെട്ട
മരീചം = കുരുമുളക്
ആദി = മുതലായ (മുളക്, ഉലുവ, കായം, ഇത്യാദി) { പഴയ രീതിയാണ് ഇന്ന് സാമ്പാറിൽ കുരുമുളക് നിയമേന ഇടുന്ന പതിവില്ല.
സംസേവ്യൻ = നല്ലവണ്ണം പരിചരിക്കപ്പെടുന്നവൻ
അങ്ങവ്യഗ്രൻ = ശാന്തൻ
ബ്രഹ്മാണ്ഡകുക്ഷി സ്ഥലം = ബ്രഹ്മാണ്ഡം പോലെയുള്ള വയറു (പോലും)
അതു നിറവോൻ = നിറക്കുന്നവൻ
ഭക്ത മോദ പ്രദായീ = സേവിക്കുന്നവർക്ക് (ഭക്തന്മാർക്ക്) സന്തോഷം/ലഹരി (മോദം) നന്നായി കൊടുക്കുന്നവൻ (പ്രദായീ)
ദുർഗ്ഗൻ ദുഷ്ടർക്കഹോ = അഹോ! (വയറ്റിൽ) പഴുപ്പ് / വ്രണം (ulcer) ഉള്ളവർക്ക് (ദുഷ്ടർക്കഹോ) അടുത്തുചെല്ലാൻ പറ്റാത്തവൻ (ദുർഗ്ഗൻ)
നൽ = നല്ല
കടുരുചി = എരിവ് രസം (കടുരുചി) അഗ്നിക്കു സമാനം (ശുചി)
തൃക്കൊത്തമല്ലീ = നല്ല കൊത്തമല്ലി (മല്ലിക്കായ)
ശരാരി = വ്രണം / ulcer (ശരം) ശത്രു (അരി) അൾസറിന് വിരോധം {ഈ ശരാരി എന്നെ ശരിക്ക് കൊഴപ്പിക്ക് ണ് ണ്ട്. പണ്ട് കാലത്തെ എന്തോ ദേശ്യപ്രയോഗമാണെന്നു തോന്നുന്നു. എന്തോ ഒരു ചേരുവയായിരിക്കാം. എങ്കിലും അർത്ഥം പറയാതെ വയ്യല്ലോ! }
ശ്ലാഘ്യൻ = പുകഴ്തപ്പെടേണ്ടവൻ
കാളോപരിസ്ഥൻ = കാളന്റെയും മുകളിൽ നിൽക്കുന്നവൻ
വിലസതു = വിലസിക്കുന്നു
സ തു സാമ്പാറൻ = അവൻ ആ സാമ്പാറ്
എന്നുള്ളിലേറ്റം = എന്റെ മനസ്സിൽ വളരെ കേമമായിട്ട്.

ഇതേ ശ്ലോകത്തിന് "സാമ്പാറൻ" ശിവനാക്കി മറ്റൊരർത്ഥം

ഉഗ്രൻ = കോപരസം കലർന്നവൻ
ലാവണ്യപൂർണ്ണോദ്രസൻ = അകർഷണീയമായ സൗന്ദര്യമുള്ളവൻ (ലാവണ്യപൂർണ) അതിയായ ശക്തി സ് ഫുരിക്കുന്നവൻ (ഉദ്രസൻ)
അരിയ = വിശിഷ്ടരായ
മരീച്യാദി = മരീചി മഹർഷി മുതലായ മഹർഷിമാരാൽ
സംസേവ്യൻ = നല്ലവണ്ണം പരിചരിക്കപ്പെടുന്നവൻ
അങ്ങവ്യഗ്രൻ = ശാന്തൻ
ബ്രഹ്മാണ്ഡകുക്ഷി സ്ഥലം = ബ്രഹ്മാണ്ഡത്തിന്റെ അകം (കുക്ഷി സ്ഥലം) മുഴുവനും
അതു നിറവോൻ = നിറഞ്ഞു നിൽകുന്നവൻ
ഭക്ത മോദ പ്രദായീ = സേവിക്കുന്നവർക്ക് (ഭക്തന്മാർക്ക്) സന്തോഷം/ലഹരി (മോദം) നന്നായി കൊടുക്കുന്നവൻ (പ്രദായീ)
ദുർഗ്ഗൻ ദുഷ്ടർക്കഹോ = ദുഷ്ടജനങ്ങൾക്ക് (ദുഷ്ടർക്കഹോ) അടുത്തുചെല്ലാൻ പറ്റാത്തവൻ (ദുർഗ്ഗൻ)
നൽ = നല്ല
കടു = അസഹ്യമായ, കണ്ണു മഞ്ഞളിക്കുന്ന
രുചി = ശോഭ
ശുചി = തിളങ്ങുന്ന
കണ്ണു മഞ്ഞളിക്കുന്ന തിളങ്ങുന്ന ശോഭയുള്ള
തൃക്കൊത്തമല്ലീശരാരി = ബഹുമാനദ്യോതകം (തൃക്കൊത്ത - തിരു വിനൊത്ത) കാമദേവന്റെ (മല്ലീശരൻ) ശത്രു (അരി)
ശ്ലാഘ്യൻ = പുകഴ്തപ്പെടേണ്ടവൻ
കാളോപരിസ്ഥൻ = കാളയുടെ മുകളിൽ ഇരിക്കുന്നവൻ.
വിലസതു = വിലസിക്കുന്നു
സ തു = അവൻ
സാമ്പാറൻ = പാർവതിയോടും (അംബ) നദിയോടും / ഗംഗ (ആറ്) കൂടിയുള്ളവൻ
എന്നുള്ളിലേറ്റം = എന്റെ മനസ്സിൽ വളരെ കേമമായിട്ട്.

<-ത്തിരി കാളനും കൂടി..                                                ശ്ലോകം..ഖേമം..വേഗം പറയ്ആ ->

No comments:

Post a Comment