ഉദ്ദേശ്യം

ഭക്ഷണ സമ്പ്രദായം സംസ്കാരവൈവിധ്യത്തിന്റെ ഒരു മുഖമാണ്. കേരളത്തിന്റെ സാംസ്കാരിക വിശേഷത്തിന്റെ ഒരു മുഖമാണ് ഇവിടത്തെ ഭക്ഷണരീതി. വാഴയിലയിൽ വിളമ്പിയ വ്യത്യസ്ത നിറരുചിഭേദങ്ങളിലുള്ള വിഭവങ്ങൾ കൂട്ടിയുള്ള ഊണ് സദ്യക്കായാലും വീട്ടിലായാലും ഒരു പ്രത്യേകത തന്നെ. അന്നത്തെ സമകാലിക ധർമ്മച്യുതി കണ്ട് മനം മടുത്തിട്ടവണം, വി. ആർ. കൃഷ്ണചന്ദ്രൻ, “പുർഷാർത്ഥക്കൂത്ത്” ന്ന പുസ്തകമെഴുതിയത്. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയല്ല ഇന്ന് പുരുഷാർത്ഥങ്ങൾ, മറിച്ച് വിനോദം, വഞ്ചനം, അശനം രാജസേവ എന്നിവയാണെന്ന് കൂത്തുപറയുന്ന രീതിയിൽ എഴുതിയതാണ് ഈ ഗ്രന്ഥം. കേരളീയരുടെ അശനം വിശേഷവിധിയാണെങ്കിലും, യഥാർത്ഥപുരുഷാർത്ഥങ്ങളിൽ ശ്രദ്ധിക്കാതെ, അശനം പോലുള്ളവയിൽ ശ്രദ്ധ കൂടുതൽ നൽകുന്നതിനെ അദ്ദേഹം കളിയാക്കിയിരിക്കുന്നു. എന്നാൽ മലയാളിയുടെ സാംസ്കാരിക പ്രതിബിംബമായ ആ അശനരീതി പോലും ഇന്ന് അന്യം നിന്നുപോവുകയാണ്.

അശനത്തെ (ശാപ്പാടിനെ) പറ്റി വർണ്ണിക്കുന്നിടത്ത്, അനർഘമായ ചില ശ്ലോകങ്ങളും നമുക്ക് ലഭ്യമാണ്. ചിലതിതാ.

"കണ്ണിമാങ്ങ കരിങ്കാളൻ കനലിൽ ചുട്ട പപ്പടം
കാച്ച്യമോരും തരുന്നാകിൽ കാണാമൂണിന്റെ വൈഭവം"
നല്ലൊരു പഴയകാല കേരളീയനു മാത്രമേ ഈ ഊണിന്റെ വൈഭവം മനസ്സിലാവൂ.

"പുകതടകിന ചോറും പുത്തുരുക്കൊണ്ട നെയ്യും,
പുഴുകിന ബൃഹതീനാം പൂവ്വലും നാലുമൂന്ന്
പുതിയ തയിരുമുച്ചൈരുണ്ണിമാങ്ങായുമെല്ലാം
പുലരിൽ വിരവിൽ നൽകുന്നമ്മമാർക്കായ് നമസ്തേ"

ഇത് മലയാളിയുടെ ഊണിന്റെ വൈഭവം മാത്രമല്ല, ആ ഭക്ഷണസംസ്കാരം എങ്ങിനെ തലമുറകളിലേക്ക് കൈമാറുന്നു എന്നുകൂടി കാണിക്കുന്നു. അശനവർണ്ണനത്തെക്കാൾ, അമ്മയുടെ പരിലാളനത്തെ പുകഴ്തുന്നതാണെങ്കിലും, ഭോജന സംസ്കാരം തലമുറകൾക്ക് കൈമാറേണ്ട ചുമതല അമ്മമാർക്കാണെന്ന് കാണിക്കുന്ന മറ്റൊന്നിതാ.

"ഉരുട്ടീട്ടമ്മതൻ കയ്യാൽ
തരുന്നോരുരുളക്കു ഞാൻ
വിരുണിപേൻ വിശേഷിച്ചും
ചെറുപ്പം പോയതാകിലും" (പുരുഷാർത്ഥക്കൂത്ത്. പേജ് 217,218)

ഇന്റർനെറ്റ് യുഗത്തിൽ പല വെബ് സൈറ്റുകളിലും ബ്ലോഗുകളിലും, ഫേസ്ബുക് പേജുകളിലും  മറ്റും, സദ്യക്ക് എന്തൊക്കെ വിഭവങ്ങൾ വേണം, എലയിൽ എവിടെ വിളമ്പണം, ഓരോ വിഭവങ്ങളും ഉണ്ടാക്കുന്നതെങ്ങിനെ, പാചക-ക്കുറിപ്പുകൾ അങ്ങിനെ പലതും കാണാം. എങ്ങിനെ ഉണ്ണണം, നേരാം വണ്ണം (യഥാവിധി), ഏതിന്റെ കൂടെ ഏത് കൂട്ടണം, ഏത് കുഴച്ചുണ്ണണം, ഏത് ഉരുട്ടിയുണ്ണണം, എന്നൊക്കെ വിവരിച്ചുകണ്ടിട്ടില്ല.


മലയാളിയുടെ ഊണ്, വിശേഷാൽ സദ്യ ലോകശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളതാണ്. ഇത്തരം സംസ്കാരവിശേഷങ്ങൾ, മലയാളഭാഷയോടൊപ്പം വളരെ വൈകാതെ അസ്തമിക്കും. അന്ന് പുരാവസ്തുഗവേഷകർക്ക്, മലയാളി വിഭവങ്ങൾ രചിക്കുന്നതിനെ പറ്റി മനസ്സിലാക്കാൻ പാചകക്കുറിപ്പുകളുടെ ബ്ലോഗുകൾ ഉണ്ടാവും. പക്ഷെ ഇത്രയധികം വിഭവങ്ങൾ ഒരൊറ്റ വാഴെലേല് വെളമ്പി ഒരു മനുഷ്യൻ ഒരു നാഴിക നേരം കൊണ്ട് (24 മിനുറ്റ്) കഴിച്ച് തീർത്തിരുന്നതെ-ങ്ങിനെയായിരുന്നു എന്നുംഅതിലെ ആസ്വാദ്യത എന്തായിരു ന്നെന്നും ഗവേഷകർ അമ്പരന്നിരിക്കും. പണ്ടുകാലത്ത്, അമ്മയോ അച്ഛനോ കൂടെയിരുന്ന് പറഞ്ഞുകൊടുത്തിരുന്നു ഒരു വഴികാട്ടൽഇന്ന് മലയാളി അമ്മമാർക്കും, അച്ഛന്മാർക്കും, ഇതൊന്നും അറിയില്ല, അറിഞ്ഞാലും പറഞ്ഞു കൊടുക്കാൻ സമയമില്ല, ഉണ്ടെങ്കിലും കേൾക്കാൻ മക്കൾക്ക് താല്പര്യവും സമയവുമില്ല. ഭാവിയിലെ സാംസ്കാരിക ഗവേഷകർക്കൊപ്പം, ഇത്തരം കാര്യങ്ങൾ പറഞ്ഞു തരാൻ അച്ഛനമ്മാമാർക്ക് സമയമില്ലാത്തവർക്കും, എന്നാൽ അറിയാനും ആസ്വദിക്കാനും താല്പര്യമുള്ളവർക്കും വേണ്ടിയാണ് ലേഖനപരമ്പര.


 ഉദ്ദേശം കൊള്ളാം. ന്നാ കേക്കട്ടെ->

No comments:

Post a Comment