സദ്യയുടെ കഥ

"കഥയറിയാതെ ആട്ടം കാണുക" എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. കഥകളിക്ക് മറ്റൊരു പേരാണ് 'ആട്ടം'. കഥയറിയാതെ, ഒരു 'രുഗ്മാംഗദചരിതമോ', 'കല്യാണസൗഗന്ധികമോ' കാണാൻ പോയിരുന്നാൽ എന്തായിരിക്കും രസം. ഇന്നത്തെ കാലത്ത് ഇതൊരു വലിയ വിഷയമല്ല. ആട്ടം കാണാൻ പോണെങ്കിലല്ലേ കഥയറിയേണ്ടൂ!! ആർക്കുണ്ട് സമയം ആട്ടം കാണാൻ. ഒരു രാത്രി മുഴുവനും അഭിനയിച്ചിരുന്ന ദുര്യോധനവധം, ചുരുക്കി ദുശ്ശാസനവധമാക്കി, എന്നാലെങ്കിലും ആരെങ്കിലും കാണാൻ വരട്ടെ എന്നു വച്ച്. ഹേയ്..ല്യ. ആരും വരില്ല്യ. രാത്രിമുഴുവനും വേണ്ട എന്നു വച്ച് അതും ചുരുക്കി, വൈകിട്ടൊരാറുമണിക്ക് തുടങ്ങി, ഒമ്പതരക്ക് കഴിയാൻ പാകത്തിനാക്കി. ഹേയ്.. ല്യ. ഒരുത്തനെങ്കിലും തിരിഞ്ഞു നോക്കണ്ടെ. വേറൊരുവിധത്തിൽ നോക്കിയാൽ, കഥയറിയാതെ ആട്ടം കാണാൻ വയ്യ എന്നു വച്ചട്ടായിരിക്കും കൊറെപ്പേര് വരാത്തത്. ന്നാ കഥയൊന്ന് പഠിക്കാൻ പറ്റ്വോ, ല്യ. സമയല്യ. കഥയറിഞ്ഞാ മാത്രം പോരേയ്. കുറച്ച് മുദ്രേം കൂടി അറിഞ്ഞില്ല്യങ്കി, കല്യാണസൗഗന്ധികം കൊണ്ടുവരാൻ പോയ ഭീമന്റെ മനോധർമം കണ്ട് തലക്ക് പ്രാന്ത് പിടിക്കും!. വഴീണ്ട്. ആട്ടപ്രകാരങ്ങള്. പദങ്ങളഭിനയിക്കുമ്പഴും, മനോധർമ്മം അഭിനയിക്കുമ്പഴും മറ്റും എത്രവരെ പോകാം, എന്തൊക്കെ കാണിക്കാം, പിന്നേം നടന് എന്തൊക്കെ സ്വാതന്ത്ര്യങ്ങള്ണ്ട്, എന്നൊക്കെ പറയണ പുസ്തകങ്ങള്. ആചാര്യന്മാരെഴുതീക്കണതാ. കലാമണ്ഡലം പത്മനാഭൻ നായരാശാൻ, കലാ. കൃഷ്ണൻ നായരാശാൻ അങ്ങനെ പലരും. അപ്പോ ഇനി ആ പരാതീല്യല്ലോ. ഇനി മുദ്ര മനസ്സിലാക്കാനാണെങ്കി, എന്റൊരു നല്ല സുഹൃത്തും കൂടിയായ വേണു.ജി (കൂടിയാട്ടം പ്രസിദ്ധി) ഒരു പുസ്തകം എഴുതീട്ട്ണ്ട്. അപ്പോ അതൊന്ന്വല്ല. ഇന്നിപ്പ സമയൊന്നൂല്ല്യ. കാരണം കേരളീയ കലകൾ ആസ്വദിക്കണങ്കി, മനസ് മാത്രം പോരാ, ബുദ്ധീം കൂടി വേണം. ഈ പഞ്ചാരി, പാണ്ടി, പഞ്ചവാദ്യം, മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം, എന്തിന്.. ഓട്ടന്തുള്ളൽ പോലും ആസ്വദിക്കണങ്കി ത്തിരി ബുദ്ധീം കൂടി വേണം. മറിച്ച്, സിനിമാറ്റിക് ഡാൻസോ, ശിങ്കാരി മേളോ, ഒക്കെ ആസ്വദിക്കാൻ മനസ്സ് മാത്രം മതി. അതു കൊണ്ടാണല്ലോ മൂക്കറ്റം കുടിച്ച്, ബുദ്ധീടെ ഒരു നെഴലാട്ടങ്കൂടീല്യാണ്ടിരിക്കുമ്പഴും അതൊക്ക ആസ്വദിക്കാമ്പറ്റണത്.

ഈ ഉണ്ണാനെലവെച്ചിരിക്കണടത്ത്, എന്തിനാ ത്രേം പറഞ്ഞേന്നറിയ്വോ? കാര്യണ്ട്. നമ്മട സദ്യ ആസ്വദിക്കണതും ഇതു പോലന്ന്യാ. പഞ്ചാരി മേളം കുട്ടന്മാരാര് ടെ അച്ഛൻ (സതീശന്റെ അമ്മാമൻ) പെരുവനം അപ്പു മാരാര് ടെ പഞ്ചാരി ഞാൻ കേട്ടട്ട്ണ്ട്. ഹ. ആ പതികാലത്ത്ന്ന് കൊറേശ്ശെ കേറി കേറി, രണ്ട്, മൂന്ന്, നാല്, അഞ്ച് ഇങ്ങനെ കാലങ്ങൾ കേറി കേറി പോവും അത് കഴിഞ്ഞ് കലാശം. കൊറെ കൊഴല് കാര്ണ്ട്, കൊമ്പ് കാര്ണ്ട്, എലത്താളക്കാര്ണ്ട്, ചെണ്ടടെ ഒരുഭാഗത്ത് വേഗം കൊട്ടണ ചെലര്, മറ്റേ ഭാഗത്ത് പതുക്കെ കൊട്ടണ ചെലര് അങ്ങനെ. പിന്നെ ഈ മുമ്പില് വേഗം കൊട്ടണ വിദ്വാന്മാര് എടയ്കെടക്ക് അങ്ങടും ഇങ്ങടും നോക്കി തലകുലുക്കലും, എന്തോ മനസ്സിലാക്കി സമ്മതിച്ച പോലെ അട്ത്ത് ള്ള മറ്റേ ആളെ നോക്കി ഒരു തല കുലുക്കലും, അതിന്റെടക്ക് ഈ കുഞ്ഞി നാദസ്വരം (കുറുങ്കൊഴല്... ന്ന് പറഞ്ഞാ ആർക്കും പ്പ അറിയില്യലോ.) വായിക്കണാള് കള് പകുതി കുനിയുക, മുഴുവൻ കുനിയുക, കൊഴല് ആകാശത്തിട്ട് വട്ടം കറക്ക് ആ (ഇതൊക്കെ കഴിഞ്ഞ് അവരിത് വായേല് വച്ച് ഊതണ സമയം നാലാം കാലം കഴിഞ്ഞാ പിന്നെ ല്യാന്ന് തന്നെ പറയാം!) അങ്ങനെ ചെല അഭ്യാസങ്ങള്. ഇതൊക്കെ നോക്കി 'കഥയറിയാതെ ആട്ടം കാണണ' ആളെ പോലെ തന്ന്യാ, സദ്യ ഉണ്ണാൻ വന്നിരിക്കണ ചെല ഏഭ്യന്മാര്.
നല്ലൊരു തൂശനെലേല് ങ്ങനെ വർണ്ണശബളമായ, ഒഴുകണതും ഒഴുകാത്തതും ഒക്കെയായ പലതും വെളമ്പി വച്ച്ട്ട്ണ്ട്. ഇതില് എന്താ, ഏതാ, ഏതാദ്യം കഴിക്കണം, ഏതിന്റെ കൂടെ ഏത് കഴിക്കണം, അത് എങ്ങനെ കഴിക്കണം ദൊന്നും അറിയില്ല്യ. 'കഥയറിയാണ്ടെ' കഥകളികാണാൻ പോയ പോലെ. കഥകളിക്ക് ആട്ട പ്രകാരണ്ട്. വേണച്ചാ അത് നോക്കി പഠിക്കാം ഒരാസ്വാദകന്. പഞ്ചാരിക്കും പഞ്ചവാദ്യത്തിനും ഇപ്പ സീഡീല് കിട്ടണതും പിന്നെ ദേ ഈ യൂട്യൂബിലും മറ്റും ആയിട്ട് ആസ്വാദനക്ലാസ് ണ്ട്. പക്ഷേ, ഈ പത്ത് പന്ത്രണ്ട് കൂട്ടം വിഭവങ്ങള് വെളമ്പീക്കണ എലടെ മുമ്പില് ചെന്നിരുന്നാൽ എങ്ങനെയാ പരുമാറണ്ടേന്ന് പഠിപ്പിക്കണ ആരൂല്യ. അദെങ്ങന്യാ, സ്വന്തം കയ്യിലിള്ളതിനെക്കാൾ വിശ്വാസല്ലേ ഹോട്ടല് കാര് തരണ കത്തീലും, മുള്ളിലും. പിന്നെങ്ങനെയാ. ഭക്ഷണം കയ്യോണ്ട് തൊടരുത് പോലും. ഏഭ്യന്മാർ. നല്ല ചൂട് ള്ള ഇഡ്ഡലി ഒരു ഡസൻ ഒരു പ്ലേറ്റിലിക്കിട്ടട്ട്, നല്ല ഉള്ളി സാമ്പാറും, തേങ്ങാ ചട്ടിണീം കൂട്ടി സ്പൂണോണ്ട് തിന്നണതും കയ്യോണ്ട് തിന്നണതും ഒന്നാലോചിച്ച് നോക്കു!

അത് പോലന്ന്യാ ഈ സാമ്പാറ് കൂട്ടി കൊഴച്ച് ഉണ്ടട്ട്, കയ്യിന്റെ അകോം പൊറോം, ഒക്കെ നക്കി തൊടക്കണത്. എന്ത് രസാന്നറിയ്വ? പറ്റില്യാ.. അപ്പഴക്കും കേക്കാം 'ഡാർലിങ്ങ്, ഡോണ്ട് ഡൂ ലൈക് ദാറ്റ്. മൈന്റ് യുവർ മാനേഴ്സ്. ഡോണ്ട് ടച്ച് ദ ഫൂഡ് വിത് യുവർ ഹാന്റ്. യൂസ് തെ സ്പൂൺ..' പിന്നല്ലേ, കയ്യ് പിന്നെന്താ ചാമിതിക്കാൻ (ശൗചം ചെയ്യണേന്റെ ദേശ്യ പ്രയോഗം വേറെയാ) മാത്രാ? കഷ്ടം.


കേരളീയ കലകളായ, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, പഞ്ചാരി, പാണ്ടി, പഞ്ചവാദ്യം, തായമ്പക, പറ്റ് കൾ (കൊമ്പ്, കൊഴല് മുതലായവ കൊണ്ട്), കൊട്ടിപ്പാടൽ, തെയ്യം, തെറ, പാണൻ-പാട്ടി, ഉടുക്കു കൊട്ടിപ്പാട്ട്,  ഇതൊക്കെ ആസ്വദിക്കണങ്കി, അതിന്റെ സങ്കേതങ്ങള് മനസ്സിലാക്കണം. അതുപോലെ തന്നെ നമ്മടെ സദ്യ ആസ്വദിക്കണങ്കിലും അതിന്റെ സങ്കേതങ്ങള് മനസ്സിലാക്കണം. അതിനാണ് കഴിഞ്ഞ രണ്ട് ലക്കങ്ങളിൽ ഞാൻ, സ്വാസ്ഥ്യത്തെ പറ്റീം, ഷഡ്രസാസ്വാദനത്തെ പറ്റീം ഒക്കെ പറഞ്ഞത്. ഇനി അതൊക്കെ ഈ എലടെ മുമ്പിലിര്ന്നങ്ക് ഡ് ഉപയോഗിച്ചാ മതി.

<-രസവൈവിധ്യം ഒന്നുങ്കൂടി                                                ശരി.. അതോണ്ടെന്താ->

No comments:

Post a Comment