A sudden realisation and Introduction to the English Translation of Eating-Ways of Malayali

I had been writing this blog since quite some time, about how malayali dishes are eaten. The monthly magazine, "karayOga sauhRdam" published by Ernakulam Karayogam (http://www.ernakulamkarayogam.com/ ) carried this as a five part article ending in the last issue.

But just now only I realised my foolishness. Today only a few Keralites can read Malayalam letters. How would they read this? Interestingly those few who can read Malayalam also know this peculiar eating style of Malayali too.

So I decided to translate this into English and publish on this blog itself.

Here it starts (Original version in Malayalam)

Style of eating is one facet of cultural diversity. The styles of eating in Kerala is one of the facets of the culture here. Weather it is for a social feast or at home, it is a unique experience to have a dinner accompanied by multicolored and multitaste delicacies served on a plantain leaf. It should be out of his despair that Sri V.R. Krishnachandran wrote the book “purushaarthhakooth” which discusses in a traditional satirical mono act style akin to Kerala (kooth), that it is not Dharma, Artha, Kama and Moksha, the four achievables of a Man according to Hinduism (purusharthas) that is important today, but on the contrary they are vinOdaM (enjoyment), vanchanaM (cheating) aShanam (eating) and rAjasEva (serving the ruler). May be he was ridiculing the modern-day (at that time!) affinity towards acts like eating rather than the real purusharthas. Today, even that eating-style which was a symbol of Malayali culture, is waning and eventually becoming orphaned.

Where the book describes about the eating-ways of that time, some gem-stead verses are available to us. Here are some.

"കണ്ണിമാങ്ങ കരിങ്കാളൻ കനലിൽ ചുട്ട പപ്പടം
കാച്ച്യമോരും തരുന്നാകിൽ കാണാമൂണിന്റെ വൈഭവം" (meaning: If chilly pickles made of tender mangoes, the thick dish made of curd and Colocasia, papad roasted on splinters, and butter milk boiled with kari-leaves and tamarind are served, then the might of the feast can be seen)

Only an old-time keralite can appreciate the might of this feast.

"പുതിയ തയിരുമുച്ചൈരുണ്ണിമാങ്ങായുമെല്ലാം
പുലരിൽ വിരവിൽ നൽകുന്നമ്മമാർക്കായ് നമസ്തേ" (meaning: I bow to those mothers who eagerly serve in the morning with new curd, tender mangoes etc.)

This shows not just the might of malayali-feast, but also how that eating culture is passed on to generations. Although praising the mother’s caressing more than a description of eating, here is another one which explains that it is the responsibility of the mother to hand over the eating-culture to the posterity.

"ഉരുട്ടീട്ടമ്മതൻ കയ്യാൽ
തരുന്നോരുരുളക്കു ഞാൻ
വിരുണിപേൻ വിശേഷിച്ചും
ചെറുപ്പം പോയതാകിലും" (പുരുഷാർത്ഥക്കൂത്ത്. പേജ് 217,218)
(meaning: although am not young now, I praise the rise-ball served by mother with her hands)

Recipes, items to be served in a Kerala feast, where should they be served on a plantain leaf etc. can be seen at many web-sites, blogs, facebook pages etc., in this age of Internet. How to eat properly, correctly, which dish should be eaten along with which other dish/es, which should be hand-squeezed and pasted to eat, which should be eaten with rice balls, etc. are not to be seen described anywhere to my knowledge.

Malayali feast has caught special attention of the world. Such culture traits would die before long along with the language Malayalam. Then, blogs and pages would be available to archaeologists and historians to know the recipes. But they would still be sitting and wondering how the old malayali ate so many dishes served on a plantain leaf within half an hour and what was the resulting enjoyment. Long back, children were instructed in these by the parents. Today they don’t know. Even if they knew they dont have time. Even if they have time, children don’t have interest or time to spare. This article is for those researchers of history along with those inquisitives whose parents don’t know or not have time to describe these.  

വിട്ടുകളഞ്ഞ നിഘണ്ടു

കഴിഞ്ഞ ലക്കത്തിൽ ഞാനൊരു 'സാങ്കേതിക പദനിഘണ്ടു' അവതരിപ്പിച്ചിരുന്നു. അതീ നാട്യത്തിലൊക്കെ 'പതാക', 'ഹംസം' എന്നൊക്കേള്ള മുദ്രകള് പോലേം, മേളത്തിൽ 'അടന്ത', 'ത്രിപുട' എന്നിത്യാദി താളങ്ങള് പോലേം, സംഗീതത്തില് 'നാട്ട', 'ഹംസദ്ധ്വനി' മുതലായ രാഗങ്ങള് പോലേം, താളത്തില് 'ആദി', 'ചൗക്ക'  അങ്ങനെള്ള നടകള് പോലേം, കവിതേല് 'സ്രഗ്ദ്ധര', 'ശാർദ്ദൂലവിക്രീഡിതം' എന്നിത്യാദി വൃത്തങ്ങള് പോലേം, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങില്, 'സബ് റുട്ടീൻ', 'റികർഷൻ' എന്നിത്യാദി എക്സിക്യൂഷൻ സ്കീംസ് പോലേം, ഐ ടീല് 'ഡാറ്റാ മൈനിംഗ്', 'എം. ഐ. എസ്' എന്നിത്യാദി ഡാറ്റാ പ്രോസസിംഗ് സിസ്റ്റംസ് പോലേം, നെൽ കൃഷീല് 'ഐ ആറെട്ട്', 'ജീയെം' എന്നൊക്കെള്ള ജനിറ്റിക് വൈകൃതങ്ങളെ പോലേം, കക്കൂസില് 'യൂറോപ്യൻ', 'നേറ്റീവ്' തൊടങ്ങിയ സംവിധാനങ്ങള് പോലേം, ആടോ മൊബൈലില് 'ക്രുയ്സ്', 'ഫോർ വീൽ ഡ്രൈവ്' പോലേള്ള വാഹന വൈവിധ്യം പോലേം ഒക്കെ ഒക്കെ, തീറ്റേടെ 
കാര്യത്തില് 'കൊഴക്കുക', 'ഉരുട്ടുക'  'കൂട്ടിക്കൊഴക്ക് ആ' ന്ന് പറഞ്ഞാ എന്താ കാര്യം ന്ന് മനസ്സിലാവണ്ടേ. അതിനാ. 
പക്ഷേ ഒരു നിഘണ്ടു ഞാനിവടെ ബോധപൂർവ്വം വിട്ടു കളഞ്ഞു. അത് 'എരിശ്ശേരി', 'പുളിശ്ശേരി', 'ഓലൻ' മുതലായ പദങ്ങളൂടെ നിഘണ്ടുവാണ്. ഇതിനെന്തിനാ നിഘണ്ടൂ... ന്ന്, അല്ലേ. പറയാം.
ന്നാളൊരു ദിവസം ഒരാളെന്നോട് പറയ് ആ, 'നിക്ക് തീയല് ഷ്ടല്ല്യാ ട്ടോ’. തീയല് ന്ന് ള്ളത് വളരെ രസോള്ള ഒരു കൂട്ടാനാ. ചേനേം, ചൊവന്നുള്ളീം, നേന്ത്രക്കായേം ഒക്ക കൊണ്ടാണ് അത് വിരചിക്കപ്പെടുന്നത്. അധികം പ്രാവശ്യം പാരായണം ചെയ്യാൻ പറ്റില്ല്യ. നന്നായിട്ടൊരുതവണ പാരായണം ചെയ്താ ത്തന്നെ മോക്ഷം കിട്ടും! കഥകളീല് ഈ കത്തിവേഷണ്ടല്ലോ, ഏതാണ്ടതുപോലെ. രൗദ്രം ആണ് നവരസത്തിൽ. എരിവാണ് ഷഡ്രസത്തിൽ. അപ്പ ഞാൻ അയാളേ എന്റെ വീട്ടിലിക്ക് ഒരീസം ഉണ്ണാൻ വിളിച്ചു. ന്നട്ട്, 'ഈ സാമ്പാറ് എങ്ങനേണ്ട് ന്ന് നോക്കൂ' ന്നും പറഞ്ഞോണ്ട് നല്ല ചൊവന്നുള്ളീം, ചേനേം ഇട്ട തീയല് വെളമ്പി. ആ വിദ്വാൻ മൃഷ്ടാനം ഭുജിച്ചട്ട് പറയ് ആ. 'ഹോ ഇത് സാധാരണ സാമ്പാറൊന്ന്വല്ലാ ട്വോ. ഗംഭീരം. ക്ഷ പിടിച്ചു, നിക്ക്' ന്ന്!! അതെങ്ങനേണ്ട്? അപ്പ പല ഇഷ്ടാനിഷ്ടങ്ങളും പേരിനോടാണ് വിഭവങ്ങളോടല്ല. അതുകൊണ്ട് ഞാനിവടെ പറയണ വിഭവങ്ങള് പേര് കൊണ്ട് മനസ്സിലാക്കാൻ ഊണ് കാർക്ക് (വായനക്കാരല്ലല്ലോ!) പറ്റും ന്ന് നിരീക്യാ.


ഇതൊക്കെഴുതുമ്പോ എന്റെ ശരിക്ക് ള്ള സങ്കടം ഇതൊന്ന്വല്ലാ. എരിശ്ശേരീം കൂട്ടുകറീം ഒരേ വിഭാഗത്തിൽ പെടുന്ന കൂട്ടാനാണെന്നത് ആദ്യത്തെ സങ്കീർണ്ണത. എരിശ്ശേരി പരിപ്പിട്ടും പയറിട്ടും ണ്ടാക്കാം ന്ന് ള്ളത് വീണ്ടും സങ്കീർണ്ണമാക്കി. അതിലോരോന്നിലും ഇടുന്ന പച്ചക്കറികൾ കൊണ്ട് വരുന്ന വ്യത്യാസം പിന്നേം കൊഴക്കും. പിന്ന്യല്ലേ 'ഡോ ഈ എരിശ്ശേരീടെ വറവ് ശരിയായോ ന്ന് നോക്ക് ആ' എന്ന് ആദ്യത്തെ ലെവല് പോലും അറിയാത്ത ഒരു ഉണ്ണാമനോട് പറയണത്. എന്റെ അച്ഛനും, അച്ഛന്റട് ത്ത്ന്ന് കൊറെയൊക്കെ ഞാനും, എരിശ്ശേരീടെ വറവ് (തേങ്ങയുടെ) മണം കൊണ്ട് വിലയിരുത്താൻ കഴിവുള്ളവരാണ്. ആ വറവ് ഒരിത്തിരി മുമ്പാക്കോ പിന്നാക്കോ പോയാ, പോയീ. പിന്നെ നാക്കത്ത് ശോഭിക്കില്യാ. 



<-അതൊന്നൂടി പറയാ                                                                         വെശക്ക്ണൂ വേഗാട്ടേ->

സദ്യയുടെ കഥ

"കഥയറിയാതെ ആട്ടം കാണുക" എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. കഥകളിക്ക് മറ്റൊരു പേരാണ് 'ആട്ടം'. കഥയറിയാതെ, ഒരു 'രുഗ്മാംഗദചരിതമോ', 'കല്യാണസൗഗന്ധികമോ' കാണാൻ പോയിരുന്നാൽ എന്തായിരിക്കും രസം. ഇന്നത്തെ കാലത്ത് ഇതൊരു വലിയ വിഷയമല്ല. ആട്ടം കാണാൻ പോണെങ്കിലല്ലേ കഥയറിയേണ്ടൂ!! ആർക്കുണ്ട് സമയം ആട്ടം കാണാൻ. ഒരു രാത്രി മുഴുവനും അഭിനയിച്ചിരുന്ന ദുര്യോധനവധം, ചുരുക്കി ദുശ്ശാസനവധമാക്കി, എന്നാലെങ്കിലും ആരെങ്കിലും കാണാൻ വരട്ടെ എന്നു വച്ച്. ഹേയ്..ല്യ. ആരും വരില്ല്യ. രാത്രിമുഴുവനും വേണ്ട എന്നു വച്ച് അതും ചുരുക്കി, വൈകിട്ടൊരാറുമണിക്ക് തുടങ്ങി, ഒമ്പതരക്ക് കഴിയാൻ പാകത്തിനാക്കി. ഹേയ്.. ല്യ. ഒരുത്തനെങ്കിലും തിരിഞ്ഞു നോക്കണ്ടെ. വേറൊരുവിധത്തിൽ നോക്കിയാൽ, കഥയറിയാതെ ആട്ടം കാണാൻ വയ്യ എന്നു വച്ചട്ടായിരിക്കും കൊറെപ്പേര് വരാത്തത്. ന്നാ കഥയൊന്ന് പഠിക്കാൻ പറ്റ്വോ, ല്യ. സമയല്യ. കഥയറിഞ്ഞാ മാത്രം പോരേയ്. കുറച്ച് മുദ്രേം കൂടി അറിഞ്ഞില്ല്യങ്കി, കല്യാണസൗഗന്ധികം കൊണ്ടുവരാൻ പോയ ഭീമന്റെ മനോധർമം കണ്ട് തലക്ക് പ്രാന്ത് പിടിക്കും!. വഴീണ്ട്. ആട്ടപ്രകാരങ്ങള്. പദങ്ങളഭിനയിക്കുമ്പഴും, മനോധർമ്മം അഭിനയിക്കുമ്പഴും മറ്റും എത്രവരെ പോകാം, എന്തൊക്കെ കാണിക്കാം, പിന്നേം നടന് എന്തൊക്കെ സ്വാതന്ത്ര്യങ്ങള്ണ്ട്, എന്നൊക്കെ പറയണ പുസ്തകങ്ങള്. ആചാര്യന്മാരെഴുതീക്കണതാ. കലാമണ്ഡലം പത്മനാഭൻ നായരാശാൻ, കലാ. കൃഷ്ണൻ നായരാശാൻ അങ്ങനെ പലരും. അപ്പോ ഇനി ആ പരാതീല്യല്ലോ. ഇനി മുദ്ര മനസ്സിലാക്കാനാണെങ്കി, എന്റൊരു നല്ല സുഹൃത്തും കൂടിയായ വേണു.ജി (കൂടിയാട്ടം പ്രസിദ്ധി) ഒരു പുസ്തകം എഴുതീട്ട്ണ്ട്. അപ്പോ അതൊന്ന്വല്ല. ഇന്നിപ്പ സമയൊന്നൂല്ല്യ. കാരണം കേരളീയ കലകൾ ആസ്വദിക്കണങ്കി, മനസ് മാത്രം പോരാ, ബുദ്ധീം കൂടി വേണം. ഈ പഞ്ചാരി, പാണ്ടി, പഞ്ചവാദ്യം, മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം, എന്തിന്.. ഓട്ടന്തുള്ളൽ പോലും ആസ്വദിക്കണങ്കി ത്തിരി ബുദ്ധീം കൂടി വേണം. മറിച്ച്, സിനിമാറ്റിക് ഡാൻസോ, ശിങ്കാരി മേളോ, ഒക്കെ ആസ്വദിക്കാൻ മനസ്സ് മാത്രം മതി. അതു കൊണ്ടാണല്ലോ മൂക്കറ്റം കുടിച്ച്, ബുദ്ധീടെ ഒരു നെഴലാട്ടങ്കൂടീല്യാണ്ടിരിക്കുമ്പഴും അതൊക്ക ആസ്വദിക്കാമ്പറ്റണത്.

ഈ ഉണ്ണാനെലവെച്ചിരിക്കണടത്ത്, എന്തിനാ ത്രേം പറഞ്ഞേന്നറിയ്വോ? കാര്യണ്ട്. നമ്മട സദ്യ ആസ്വദിക്കണതും ഇതു പോലന്ന്യാ. പഞ്ചാരി മേളം കുട്ടന്മാരാര് ടെ അച്ഛൻ (സതീശന്റെ അമ്മാമൻ) പെരുവനം അപ്പു മാരാര് ടെ പഞ്ചാരി ഞാൻ കേട്ടട്ട്ണ്ട്. ഹ. ആ പതികാലത്ത്ന്ന് കൊറേശ്ശെ കേറി കേറി, രണ്ട്, മൂന്ന്, നാല്, അഞ്ച് ഇങ്ങനെ കാലങ്ങൾ കേറി കേറി പോവും അത് കഴിഞ്ഞ് കലാശം. കൊറെ കൊഴല് കാര്ണ്ട്, കൊമ്പ് കാര്ണ്ട്, എലത്താളക്കാര്ണ്ട്, ചെണ്ടടെ ഒരുഭാഗത്ത് വേഗം കൊട്ടണ ചെലര്, മറ്റേ ഭാഗത്ത് പതുക്കെ കൊട്ടണ ചെലര് അങ്ങനെ. പിന്നെ ഈ മുമ്പില് വേഗം കൊട്ടണ വിദ്വാന്മാര് എടയ്കെടക്ക് അങ്ങടും ഇങ്ങടും നോക്കി തലകുലുക്കലും, എന്തോ മനസ്സിലാക്കി സമ്മതിച്ച പോലെ അട്ത്ത് ള്ള മറ്റേ ആളെ നോക്കി ഒരു തല കുലുക്കലും, അതിന്റെടക്ക് ഈ കുഞ്ഞി നാദസ്വരം (കുറുങ്കൊഴല്... ന്ന് പറഞ്ഞാ ആർക്കും പ്പ അറിയില്യലോ.) വായിക്കണാള് കള് പകുതി കുനിയുക, മുഴുവൻ കുനിയുക, കൊഴല് ആകാശത്തിട്ട് വട്ടം കറക്ക് ആ (ഇതൊക്കെ കഴിഞ്ഞ് അവരിത് വായേല് വച്ച് ഊതണ സമയം നാലാം കാലം കഴിഞ്ഞാ പിന്നെ ല്യാന്ന് തന്നെ പറയാം!) അങ്ങനെ ചെല അഭ്യാസങ്ങള്. ഇതൊക്കെ നോക്കി 'കഥയറിയാതെ ആട്ടം കാണണ' ആളെ പോലെ തന്ന്യാ, സദ്യ ഉണ്ണാൻ വന്നിരിക്കണ ചെല ഏഭ്യന്മാര്.
നല്ലൊരു തൂശനെലേല് ങ്ങനെ വർണ്ണശബളമായ, ഒഴുകണതും ഒഴുകാത്തതും ഒക്കെയായ പലതും വെളമ്പി വച്ച്ട്ട്ണ്ട്. ഇതില് എന്താ, ഏതാ, ഏതാദ്യം കഴിക്കണം, ഏതിന്റെ കൂടെ ഏത് കഴിക്കണം, അത് എങ്ങനെ കഴിക്കണം ദൊന്നും അറിയില്ല്യ. 'കഥയറിയാണ്ടെ' കഥകളികാണാൻ പോയ പോലെ. കഥകളിക്ക് ആട്ട പ്രകാരണ്ട്. വേണച്ചാ അത് നോക്കി പഠിക്കാം ഒരാസ്വാദകന്. പഞ്ചാരിക്കും പഞ്ചവാദ്യത്തിനും ഇപ്പ സീഡീല് കിട്ടണതും പിന്നെ ദേ ഈ യൂട്യൂബിലും മറ്റും ആയിട്ട് ആസ്വാദനക്ലാസ് ണ്ട്. പക്ഷേ, ഈ പത്ത് പന്ത്രണ്ട് കൂട്ടം വിഭവങ്ങള് വെളമ്പീക്കണ എലടെ മുമ്പില് ചെന്നിരുന്നാൽ എങ്ങനെയാ പരുമാറണ്ടേന്ന് പഠിപ്പിക്കണ ആരൂല്യ. അദെങ്ങന്യാ, സ്വന്തം കയ്യിലിള്ളതിനെക്കാൾ വിശ്വാസല്ലേ ഹോട്ടല് കാര് തരണ കത്തീലും, മുള്ളിലും. പിന്നെങ്ങനെയാ. ഭക്ഷണം കയ്യോണ്ട് തൊടരുത് പോലും. ഏഭ്യന്മാർ. നല്ല ചൂട് ള്ള ഇഡ്ഡലി ഒരു ഡസൻ ഒരു പ്ലേറ്റിലിക്കിട്ടട്ട്, നല്ല ഉള്ളി സാമ്പാറും, തേങ്ങാ ചട്ടിണീം കൂട്ടി സ്പൂണോണ്ട് തിന്നണതും കയ്യോണ്ട് തിന്നണതും ഒന്നാലോചിച്ച് നോക്കു!

അത് പോലന്ന്യാ ഈ സാമ്പാറ് കൂട്ടി കൊഴച്ച് ഉണ്ടട്ട്, കയ്യിന്റെ അകോം പൊറോം, ഒക്കെ നക്കി തൊടക്കണത്. എന്ത് രസാന്നറിയ്വ? പറ്റില്യാ.. അപ്പഴക്കും കേക്കാം 'ഡാർലിങ്ങ്, ഡോണ്ട് ഡൂ ലൈക് ദാറ്റ്. മൈന്റ് യുവർ മാനേഴ്സ്. ഡോണ്ട് ടച്ച് ദ ഫൂഡ് വിത് യുവർ ഹാന്റ്. യൂസ് തെ സ്പൂൺ..' പിന്നല്ലേ, കയ്യ് പിന്നെന്താ ചാമിതിക്കാൻ (ശൗചം ചെയ്യണേന്റെ ദേശ്യ പ്രയോഗം വേറെയാ) മാത്രാ? കഷ്ടം.


കേരളീയ കലകളായ, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, പഞ്ചാരി, പാണ്ടി, പഞ്ചവാദ്യം, തായമ്പക, പറ്റ് കൾ (കൊമ്പ്, കൊഴല് മുതലായവ കൊണ്ട്), കൊട്ടിപ്പാടൽ, തെയ്യം, തെറ, പാണൻ-പാട്ടി, ഉടുക്കു കൊട്ടിപ്പാട്ട്,  ഇതൊക്കെ ആസ്വദിക്കണങ്കി, അതിന്റെ സങ്കേതങ്ങള് മനസ്സിലാക്കണം. അതുപോലെ തന്നെ നമ്മടെ സദ്യ ആസ്വദിക്കണങ്കിലും അതിന്റെ സങ്കേതങ്ങള് മനസ്സിലാക്കണം. അതിനാണ് കഴിഞ്ഞ രണ്ട് ലക്കങ്ങളിൽ ഞാൻ, സ്വാസ്ഥ്യത്തെ പറ്റീം, ഷഡ്രസാസ്വാദനത്തെ പറ്റീം ഒക്കെ പറഞ്ഞത്. ഇനി അതൊക്കെ ഈ എലടെ മുമ്പിലിര്ന്നങ്ക് ഡ് ഉപയോഗിച്ചാ മതി.

<-രസവൈവിധ്യം ഒന്നുങ്കൂടി                                                ശരി.. അതോണ്ടെന്താ->

രസവൈവിധ്യം

പ്രാതൽ, ഊണ്, അത്താഴം എന്നിങ്ങിനെ മൂന്നു സമയത്താണ് പ്രധാനമായി മലയാളികൾ അശനം ചെയ്യുന്നത്. പണ്ടൊക്കെ പ്രാതൽ, കുത്തരി കഞ്ഞിയായിരുന്നു. ഇന്നത്, ഇഡ്ഡലിയും, പുട്ടും, ചപ്പാത്തിയും, ഉപ്പുമാവും, പൊങ്കലും, ബ്രഡ് റ്റോസ്റ്റും, കോൺഫ്ലേക്സും, കാളക്കണ്ണും മറ്റുമായി കോണ്ടിനന്റൽ ആയിട്ടുണ്ട്.

വീട്ടിലുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും, സദ്യക്ക് വിളമ്പുക പതിവില്ല.  ഉദാഹരണമായി 'മൊളോഷ്യം'. രചനക്ക് വളരെ ലളിതവും, പലവട്ടം പാരായണം ചെയ്യാൻ പറ്റണതും ആയോരു കവിതയാണ് മൊളോഷ്യം. എങ്കിലും സദ്യക്ക് വിളമ്പുക പതിവില്ല. പിന്നെ 'മസാലക്കറി' എന്നറിയപ്പെടുന്ന, ഉരുളങ്കിഴങ്ങ് വറത്തരച്ചത്. രചന അല്പം സങ്കീർണ്ണമാണെങ്കിൽ പോലും സാധാരണ സദ്യക്ക് വിളമ്പുക പതിവില്ല. എന്നാൽ അടുത്ത കാലത്തായി ഇവൻ സദ്യ എലയിൽ എരിശ്ശേരീടെ എടത്ത് വശത്ത് സ്ഥാനം പിടിച്ച് തൊടങ്ങീട്ട്ണ്ട്. ഇതിനു എനിക്ക് തോന്നുന്ന കാരണം, ഇന്നത്തെ കാലത്ത് ആളുകൾ ധാരാളം മാംസാഹരികളായതുകൊണ്ട്, അവരെ രസിപ്പിക്കാനാണെന്നാണ്. 

നമുക്കാദ്യം ഊണിൽ ശ്രദ്ധിക്കാം. കാരണം മറ്റു രണ്ടും വലിയൊരു പരിധി വരെ സംസ്കാരം നിലനിർത്തുന്നുണ്ടെങ്കിലും, ഊണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഊണിൽ ചോറാണ് പ്രധാനം. അതു തന്നെ പച്ചരി, പുഴുങ്ങലരി, ഒണങ്ങലരി, കുത്തരി എന്നിങ്ങിനെ വിവിധ ജാതിയിൽ പെടും. ഓരോന്നിനും ഓരോ സ്വാദാണെന്നു മാത്രമല്ല, അവയുടെ ദഹന പ്രക്രിയയും, എന്തു കൂട്ടിയുണ്ണാമെന്നുള്ളതും വ്യത്യസ്തം തന്നെ. ഉദാഹരണമായി, പച്ചരികൊണ്ട് കഞ്ഞി വച്ചാൽ കൊള്ളില്ല. കുത്തരികൊണ്ട് ഊണുണ്ടാക്കാമെങ്കിലും കഞ്ഞിയാണ് സുഖം. പുഴുങ്ങലരി കൊണ്ട് രണ്ടും ആവാം. മൊളോഷ്യം കൂട്ടി ഉണ്ണാൻ പച്ചരിയാണ് നല്ലതെങ്കിൽ, കാളൻ കൂട്ടി ഉണ്ണാൻ പുഴുങ്ങലരിയാണ് കേമം. ഒണങ്ങലരി, വെച്ചു വാർക്കാതെ, വറ്റിച്ച്, മെഴുക്കുപുരട്ടിയും, ഇഞ്ചിത്തൈരും കൂട്ടി, ശ്രാദ്ധത്തിനല്ലെങ്കിലും, ഇടക്കുണ്ണാൻ രസാ.

എന്ത് ചോറാണെങ്കിലും, കൂട്ടിയുണ്ണുന്നത്, പ്രധാനമായും ഒരൊഴിച്ചുകൂട്ടാനും, ഒരു ഖരവിഭവവും ചേർന്നായിരിക്കും. ഖരവിഭവം, ജലമയമല്ലാത്ത മെഴുക്കുപുരട്ടി, തോരൻ, മുതലായവയാണ്. ഇത്രയുമായാൽ പിന്നെ എല്ലാം ആഡംബരമാണ്. തമിഴന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു കുഴമ്പും കൂടി ആവാം. പിന്നെയും ഒരെണ്ണം കൂടിയാവാം. പക്ഷെ വീട്ടു വിധിയിൽ, പപ്പടവും, ഉപ്പിലിട്ടതും സ്ഥിരവും, കൂട്ടാനും ഖരവിഭവും ചരവും (ജ്യോൽസ്യന്റെ ഭാഷ) ആണ് പതിവ്. ഇന്നിപ്പോ ജീവിതത്തിന്റെ വേഗത കൂടിയതനുസരിച്ച്, ചിലപ്പോൾ ഒരു തൈരും ഉപ്പിലിട്ടതും മാത്രമാക്കുന്ന പതിവുമുണ്ട്.

ഇതിൽ വളരെ ശ്രദ്ധേയമായ കാര്യം 'പുളി' യുടെ പ്രാധാന്യമാണ്. ഒരു സാധനമെങ്കിലും പുളിയുള്ളതില്ലെങ്കിൽ, നാക്കത്ത് ശോഭില്ല. ഉദാഹരണം, എരിശ്ശേരിയും മെഴുക്കുപുരട്ടിയും. രണ്ടിലും പുളിയില്ല. അതുകൊണ്ട് ഒരു ഉപ്പിലിട്ടതെങ്കിലും ഇല്ലെങ്കിൽ, ഓക്കാനം വരും. എന്നാൽ ഒന്നെങ്കിലും പുളിയില്ലാത്തതില്ലെങ്കിലും തഥൈവ. ഉദാഹരണം, കാളനും സാമ്പാറും. രണ്ടും പുളിയുള്ളതാണ്. അതുകൊണ്ട് ഒരു പപ്പടമെങ്കിലും ഇല്ലെങ്കിൽ ഒരു വഹയാ.

നാക്കിന്റെ ഈ പ്രത്യേകതകൊണ്ട്, കേരളത്തിൽ, നായന്മാർ (അവരായിരുന്നുല്ലോ 'ഉണ്ണാമന്മാർ'. നയന്മാർ കേരളരാജാക്കന്മാരുടെ പടയാളികളായിരുന്നെങ്കിലും, ഊണുകാര്-നായമ്മരെ പറ്റി പറയും, 'പടക്ക് പിന്നിലും പന്തിക്ക് മുമ്പിലും' എന്ന്) ഏറ്റവും കുറഞ്ഞത് ഒരു പുളിയുള്ള വിഭവവും ഒരു പുളിയില്ലാത്ത വിഭവും ചേർത്താണ് ഉണ്ണാറ്. ഇത്രയും മനസ്സിലാക്കിയാൽ തന്നെ അശനം ആനന്ദകരമാക്കാം.

അതുകൊണ്ട് 'പുളിയാണ്' അശന സുഷുംനയുടെ മൂലാധാരം. ഭക്ഷണ ക്ഷേത്രത്തിന്റെ ആധാരശില. ഭോജന ധ്വജത്തിന്റെ കൂർമ്മം. ആഹാര കിണറിന്റെ നെല്ലിപ്പലക.

എരിശേരീം, കാളനും, രണ്ടും ജലാംശം കൂടുതല് ള്ള വിഭവങ്ങളാണ്. പക്ഷെ രണ്ടും കൂട്ടി ഉണ്ണണേന് ചെല വ്യത്യാസങ്ങള്ണ്ട്. മത്തങ്ങേം പയറും കൂട്ടിള്ള എരിശ്ശേരി ആണങ്കി, അത് ചോറിന്റെ കൂടെ അങ്ങട്, *കൂട്ടിക്കുഴക്കുക*. ന്നട്ട് ഒന്നോ രണ്ടോ കാച്ചിയ പപ്പടം പൊടിച്ച് ചേർത്തട്ട് വീണ്ടും കുഴക്കുക. അതീന്ന് *കുഴച്ചുരുള* വായിൽ വച്ച് ചവക്കണേന്റെ ഒപ്പം അല്പം നാരങ്ങാക്കറി *തൊട്ടുനക്കുക*. നല്ലണം ചവച്ചട്ട് അതങ്കട് എറക്ക് ആ. ഇതാണ് 'എരിശേരി വിധി’.


ഇനി 'കാള വിധി' പറയാം. കാളൻ തന്നെ മൂന്നോ നാലോ തരണ്ട് കേരളക്കരേല്. തൽക്കാലം ജലാംശം വളരെ കൊറവ് ള്ള കുറ്ക്ക് കാളനാണ് ന്ന് വക്ക് ആ. *ചോറുരുള* കാളനിൽ *ഉരുട്ടി ഒപ്പുക*. ആ ഉരുള വായിലിക്ക് വച്ചട്ട് ചവക്കണേന്റെ ഒപ്പം ഇത്തിരി മെഴുക്കുപുരട്ടിയോ തോരനോ കൂടെ ചവക്കുക. ശ്രദ്ധിച്ചോ, എരിശ്ശേരീട കൂട തോരനും മെഴുക്കുപുരട്ടിയും ചേരില്ല്യ. കാളന്റെ കൂടെ നാരങ്ങാക്കറിയും ചേരില്ല്യ അത്ര ന്നെ.

<-രസാസ്വാദനോ?                                                    ഉണ്ണണ്ടെങ്ങന്യാന്ന് പറയൂ->

രസാസ്വാദനം

രസങ്ങളാറ്. ഉപ്പ്, കൈപ്പ്, പുളിപ്പ്, ചവർപ്പ്, എരിവ്, മധുരം. ആറെണ്ണമാണ് ഷഡ്രസങ്ങൾ. കേരളീയ വിഭവങ്ങൾ, ഇവയിലൊന്നോ അധികമോ എല്ലാമോ ചേർന്നവയാണ്. എങ്കിലും, ഏതങ്കിലും ഒന്നിന് പ്രാധാന്യമുണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 'പുളിശ്ശേരി' എന്ന പദാർത്ഥം പദത്തിൽ തന്നെയുണ്ട്. പുളി മുന്നിട്ട് നിൽകുന്നതുകൊണ്ടാണ് പേര്.

"രസാ: സ്വാദമ്ലലവണതിക്തോഷ്ണകഷായകാ:
.............. തേ ച യഥാപൂർവം ബലാവഹാ:”

എന്ന് ചരകൻ ഷഡ്രസങ്ങളേയും അവയുടെ താരതമ്യ ബലങ്ങളേയും വർണ്ണിക്കുന്നുണ്ട്. ശ്രീചക്രത്തിൽ ത്രിപുരസുന്ദരിയെ പൂജിക്കുന്ന ശ്രീവിദ്യോപാസകർ, ദേവിക്ക് നിവേദിക്കുന്നതു പോലും, ഷഡ്രസങ്ങളും ചേർന്ന് അഞ്ചു തരത്തിലുള്ള നിവേദ്യം ചേർത്താണ്. "പഞ്ചധാ ഷഡ്രസോപേതം ഗൃഹാണ പരമേശ്വരീ”.

ഷഡ്രസങ്ങൾ, പഞ്ചേന്ദ്രിയങ്ങളിൽ ഏതുകൊണ്ടാണാസ്വദിക്കുക, എന്നു ചോദിച്ചാൽ പെട്ടെന്നുള്ള ഉത്തരം നാക്ക്, എന്നായിരിക്കും. എന്നാൽ രസങ്ങളാസ്വദിക്കേണ്ടത്, പഞ്ചേന്ദ്രിയങ്ങളും കൊണ്ടാണ്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക് ഈ അഞ്ചും. നല്ല കയ്പ്പ് ള്ള കഷായം ചെലുത്തുമ്പോ, മൂക്ക് പൊത്തിപ്പിടിച്ചാൽ കയ്പ്പറിയില്ല്യാ എന്നുള്ളത്  എല്ലാർക്കും അറിയവുന്നതാണല്ലോ. അപ്പോ, മൂക്ക് വാസനിക്കാൻ മാത്രള്ളതല്ലാ, രുചിക്കാനും കൂടീള്ളതാണ് എന്ന് തീർച്ച. ബാക്കിയെപറ്റിയും പറയാം.

പക്ഷേ ഈ *കൊഴക്കാ*, *കോഴച്ചുരുട്ട്വാ*, മുതലായതൊക്കെ വിട്ട്, കത്തീം, മൂള്ളും കടന്ന്, ഇപ്പോ ഈ 'കേബിൾ റിമോട്ടാണല്ലോ' ഉണ്ണാനിരിക്കണേന് മുമ്പ് അന്വേഷിക്കണത്. അപ്പോ പിന്നെ കണ്ണും, ചെവീം മനസ്സും ഒക്കെ ഏഷ്യാനെറ്റിലും, സൂര്യേലും ഒക്കെയായിരിക്കണോണ്ട്, പഞ്ചേന്ദ്രിയങ്ങൾ ലഭ്യാവില്ല. അതോണ്ട്, ആ കേബിളങ്ക് ഡ് ഓഫ് ചെയ്യാ. ന്നട്ട്, ഭക്ഷണം കഴിക്കാനാണ് വന്നിരിക്കണത്, എന്ന് നല്ലണം മനസ്സില് നിരീച്ച്, നെലത്ത് പായേട്ടട്ടോ, പലകേട്ടട്ടോ.… ഓ,, പറ്റിപ്പോയി… ഇപ്പൊ ഡൈനിംഗ് ടേബിളാണല്ലോ..ശരി ന്നാ അതില് ഇരിക്കാ. വെക്കാനും വെളമ്പാനും വേറാരെങ്കിലും ണ്ട്.... ന്ന്ള്ള ഒരു തീർച്ചേലാണ് ഈ പറയണേട്ടോ. അദല്ലാ… നമ്മള് തന്നെ സ്വയം വെച്ച് വെളമ്പി കഴിക്ക് ആണെങ്കി ള്ള കാര്യങ്ങള് പിന്നെ പറയാം. അപ്പോ വീട്ടില് ലളിതമായൊരൂണ് (http://eating-ways.blogspot.com/2014/04/blog-post_26.html)  കഴിക്കാനിരിക്ക്യാന്ന് വിചാരിക്യാ. അത് തന്നെ പഞ്ചേന്ദ്രിയവേദ്യമാണെങ്കി, പിന്നെ വിഭവസമൃദ്ധമായ സദ്യക്ക് ആറാമതൊരിന്ദ്രിയം കൂടി വേണന്ന്ള്ള അവസ്ഥയല്ലേ ആവുള്ളു.

ബ്ലോഗ് കളിവട വായിക്കാൻ നിവൃത്തീല്ല്യാത്ത കാരണം, ആദ്യം ഉദാഹരണായിട്ടെട്ക്കണ ലളിതാമായ ഊണിനെ പറ്റി. ഒരു മൊളോഷ്യോം (http://bindukp2.blogspot.com/2008/10/blog-post.html), കട്മാങ്ങേം, പപ്പടോം മാത്രം. കാക്കിലോ കുമ്പളങ്ങ ചെറുതാക്കി നുറുക്കി വക്കുക. അഞ്ച് പച്ചമൊളക് (ചെറുതാണെങ്കിൽ എട്ട്) നീളത്തിൽ കീറി വക്ക് ആ. അര പിടി കരിവേപ്പില കഴുകി വൃത്തിയാക്കിതും. അര കോപ്പ ചെറുപരിപ്പ് നന്നായിട്ട് വേവിക്ക്യ. അതിലിക്ക് കുമ്പളങ്ങ നുറുക്കീതും പച്ച മുളകും കൂടി ഇട് ആ. കാൽ ടീസ്പൂൺ ചൊവന്ന മൊളക് പൊടീം ഒരു നുള്ള് മഞ്ഞപ്പൊടീം ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് തെളപ്പിക്ക് ആ. തെളച്ച് കഴിയുമ്പോ (കുമ്പളങ്ങ വേവണ്ട) സ്റ്റൗ ഓഫ് ചെയ്ത്, അപ്പ ത്തന്നെ ഒരു ടേബിൾസ്പൂൺ പച്ച വെളിച്ചെണ്ണേം, ശരിയാക്കി വച്ച കരിവേപ്പിലേം കൂടി ഇട്ട് ഒടനെ അടച്ച് വക്ക് ആ. മൊളോഷ്യായി. കട്മാങ്ങ നരസൂസിന്റെയാണ് എനിക്ക് നന്നായി തോന്നീട്ട് ള്ളത്. പപ്പടം ഈ ചേർച്ചേല് പണ്ടാരന്റതിനെക്കാ നന്ന് കൊങ്ങിണികളുടെ വെളുത്ത പപ്പടാ.

അപ്പോ, ഡൈനിംഗ് ടേബിളില്, സ്റ്റീൽ പ്ലേറ്റില്, മൊളോഷ്യം, കടുമാങ്ങാ, പപ്പടം കാച്ചീത്, തൈര്. അത്രതന്നെ. പിന്നെ പഞ്ചേന്ദ്രിയങ്ങളും.

ആദ്യം പ്ലേറ്റ് വരും. എല്ലാങ്കൂടി ഒരു പ്ലേറ്റില് വെളമ്പിക്കല്ലേട്ടോ. ഒരു സൈഡ് പ്ലേറ്റ് ഉപയോഗിക്കൂ. ദേ.. പ്ലേറ്റിലിക്ക് 'കണ്ണ്' തൊറന്ന് നോക്വാ. ടീ.വീലിക്കല്ല, ഇവടെ പ്ലേറ്റിലിക്ക്. നല്ലണം കഴുകി തെളങ്ങണില്ല്യേ? പ്ലേറ്റിന്റെ തെളക്കം, എലേടെ ശോഭ ഇതൊക്കെ നോക്കി കണ്ട് ആസ്വദിക്കണം. ഇത്തിരി നെറം മങ്ങിയ പ്ലേറ്റാണെങ്കിലോ! ത്തിരി കറുപ്പു വീണ എലയാണെങ്കിലോ. എലേടെ വക്കത്ത് ത്തിരി കീറുകയോ, മടങ്ങിഒടിഞ്ഞിരിക്കുകയോ ചെയ്തട്ട്ണ്ടങ്കിലോ? പ്ലേറ്റിന്റെ വക്കത്തിത്തിരി കറയുണ്ടെങ്കിലോ!! അതാ പറഞ്ഞേ, കണ്ണോണ്ടാസ്വദിക്കണംന്ന്.

അപ്പ ദേ വര് ണൂ ചോറ്. അതീന്ന് ആവി പറക്കണ കണ്ടോ? ല്യേ? അട്ത്തെത്തുമ്പോ, ആവീന്ന് വരണ വാസന 'മൂക്ക്' തൊറന്ന് ആസ്വദിക്കാ. ചോറിന് വാസനേണ്ട്... ന്ന് മനസ്സിലായില്ല്യേ? ചോറ് പ്ലേറ്റിലിക്ക് വെളമ്പുമ്പോ, അതിന്റെ ചുറ്റും ആവി പരന്നട്ട്, പ്ലേറ്റൊന്ന് മങ്ങും. നോക്യോ? എലയാണെങ്കി ഒന്ന് വാടും. വെളമ്പുകാരൻ പിന്നേം അടുക്കളേലിക്ക് മൊളോഷ്യം എട്ത്തോണ്ട് വരാമ്പോവുമ്പോ, ചോറിലിക്ക് വലത്തേ കൈപത്തീടെ ഉൾ വശം മുട്ടാൻ പാകത്തിന് കമത്തി ഒന്ന് വക്കാ. കയ്യില്, കയ്യിന്റെ 'തൊലീ' ല് ചൂടറിയണില്ല്യേ? ചോറ് തണുത്തതായിരുന്നെങ്കിലോ? അതാ പറഞ്ഞേ തൊലി കൊണ്ടാസ്വദിക്കണം….. ന്ന്. നടുക്ക് വെളമ്പിയ ചോറ് ചൂടാസ്വദിച്ചോണ്ട് ത്തിരി അരികത്തിക്ക് ഒതുക്കൂ, മൊളോഷ്യത്തിനാ.

വെളമ്പ് കാരൻ, എവട പോയീ. , മൊളോഷ്യത്തില് ദേ.. ഇപ്പ ഒഴിച്ച വെളിച്ചണ്ണടേം, കരിവേപ്പിലടേം കൂടി മണം വര് ണില്യേ? അത് മൂക്ക് വിടർത്തി ആസ്വദിക്കൂ. മൊളോഷ്യം വന്നു. ആവി പറക്കണൂ, മണം വരുന്നൂ. ചോറൊതുക്കീണ്ടാക്കിയ എടേണ്ടല്ലോ, അവടക്ക് മൊളോഷ്യം വെളമ്പിക്കാ. ചോറിന്റെ മോളിലിക്കല്ല. ബാക്കി സാധനങ്ങള് വരണേന് മുമ്പ് ഉണ്ട് തൊടങ്ങാട്ടോ. ചോറൊന്ന് ഞെക്കുക. മൊളോഷ്യത്തിലെ ഭംഗീള്ള പച്ചമൊളകും, കരിവേപ്പിലയും നോക്കൂ. *ഉരുട്ടി ഒപ്പുക*. വായ നല്ലോണം തൊറന്ന് അത് ഉണ്ണുക. ചോറുരുളേടെ പകുതി ഭാഗം മൊളോഷ്യത്തില് നല്ലോണം മുങ്ങീം, ബാക്കി നനയാത്ത ചൂടുള്ള ചോറ് മാത്രവുമായ ഉരുള. നാക്കിനും, വായേടെ മേൽഭാഗത്തിനും, ഇത് പ്രത്യേകം വേദ്യമാവും.

ദാ ഇപ്പൊ പപ്പടോം കടുമാങ്ങേം എത്തീല്യേ?. കടുമാങ്ങ നല്ല ചൊമന്ന നെറല്ലേ? ചെലപ്പ ഇരുന്നിരുന്ന് കറുക്കും. അല്ലെങ്കിൽ പൂപ്പല് വന്ന് വെളുക്കും. കറ്ത്താലും, വെളുത്താലും കൊള്ളില്യ, കടുമാങ്ങ ചൊമന്ന് തന്നെ ഇരിക്കണം, കാണാനും, തിന്നാനും.  അതൊന്ന് *തൊട്ടുനക്കുക*. നാക്കത്ത് നല്ലണം ശോഭിക്കിണ് ല്യേ?

എടക്ക് പപ്പടം പൊട്ടിക്കുമ്പോ ശബ്ദം കേക്കണില്ല്യേ? 'ചെവി' തൊറന്ന് വക്യാ.. കടിക്കുമ്പഴും കറും മുറും ന്ന് ള്ള ശബ്ദം കേട്ടില്ല്യങ്കി, കാച്യ പപ്പടം എങ്ങനെ ഇരിക്കും? അതിനീപ്പോ നല്ല അരിക്കൊണ്ടാട്ടായാലും, ഞവ ഞവാ ന്നിരുന്നാ ആഭാസല്ലേ? തൈര്ണ്ടങ്കി അവസാനം മൊളോഷ്യോം തൈരും കൂടി കൂട്ടി ചോറിൽ കലക്കി പായസ പരുവമാക്കി *വടിച്ചു മറിക്കുക* ബഹു വിശേഷാ.

അപ്പോ, തൊലീം, കണ്ണും, കാതും, മൂക്കും, നാക്കും ഒക്ക ചേർന്നാണ് അശനം ആസ്വദിക്കണ്ടത്. പഞ്ചേന്ദ്രിയങ്ങളോണ്ട് ള്ള അശനാസ്വാദനം കേമായില്ല്യേ? നി, ഒരേംബക്കോം വിട്ട്, ചാരു കസേരേമ കെടന്ന് നാലും കൂട്ടി മുറുക്കിക്കോളൂ. പക്ഷേ, ഒരു കാര്യം.. ഏംബക്കം വിടണേന്റെ പിന്നാലെ, അട്ടഹസിക്കണ ശബ്ദത്തില് excuse me എന്നൊന്നും പറഞ്ഞേക്കല്ലെ. അതൊക്കെ ഇപ്പഴത്തെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗാ. അമേരിക്കക്കാര് അങ്ങന്യാത്രെ. ഒരു meeting room ല് meeting നടന്നോണ്ടിരിക്കുമ്പോ ഒരാൾക്ക് പെട്ടെന്ന് ഒരേംബക്കം വന്നാൽ ഒടനെ അവര് excuse me പറയും. ഏമ്പക്കം ആരും മുറീല് കേട്ടട്ടില്യങ്കിലും, excuse me എല്ലാരും കേക്കും. ഒരീസം ഞാനൊരു corporate presentation ചെയ്യണസമയത്ത് ഞെട്ടി. ഞാൻ നിർത്തീട്ട് excuse നോട് ചോദിച്ചു. "Yes,…?" അപ്പൊ എല്ലാരും ഞെട്ടി അങ്ങോട്ട് നോക്കി. അപ്പഴും ഒരു കോർപറേറ്റ് അസുഖം അവര് കാണിക്കും. shrug the shoulder ന്നോ മറ്റോ ആണത്രെ അസുഖത്തിന്റെ പേര്. എന്തായാലും, പിന്നാലെ അയാള് കയ്യീ കരുതീര്ന്ന കിൻലേ ഒരു കവിൾ കുടിച്ചു!. 

നമുക്ക്, ഒരസുഖോം വരില്യ. കാരണോ?.. നിങ്ങള് അവരേ ശ്രദ്ധിച്ചാണ് കഴിക്കണത് ന്ന്, ഭക്ഷണത്തിനറിയാൻ പറ്റും. സത്യാട്ടോ. അത് വിസ്തരിച്ച് പിന്നെ പറയാം.

 <-നിഘണ്ടു ഒന്നുംകൂടി                                                                           ം..ം.. ശരി->

സാങ്കേതിപ പദ നിഘണ്ടു

കുഴക്കുക ഉരുട്ടുക എന്നൊക്കെ പറയുന്നതിന്റെ അർത്ഥം ഇന്ന് മിക്ക ചെറുപ്പക്കാർക്കും അറിയാത്തതുകൊണ്ടും, ഇത്തരം ഒരു വിവരണത്തിൽ, അസന്ദിഗ്ധതക്കു വേണ്ടി, ഇതിലുപയോഗിക്കുന്ന പദങ്ങളുടെ ഒരു നിഘണ്ടു ചേർക്കുന്നു. ഈലേഖനത്തിൽ, ഇനിയുള്ള സ്ഥലങ്ങളിൽ, നിഘണ്ടുവിൽ നിർവ്വചിച്ചിട്ടുള്ള പദങ്ങൾ, വ്യക്തതക്ക് വേണ്ടി നക്ഷത്രചിഹ്നങ്ങളുടെ നടുക്കായിരിക്കും കൊടുക്കുന്നത്.

പ്രസക്ത വിഭവം:
ചോറോ, ചോറോടു കൂടി മറ്റു വിഭവങ്ങളും ചേർത്തോ, മറ്റു വിഭവങ്ങൾ മാത്രമോ, എന്തിനെപ്പറ്റിയാണ് വിവരിക്കുന്നതെങ്കിൽ ആ മിശ്രിതം.

ചോറ്:
ഒന്നും കൂട്ടതെയുള്ള ചൂടുള്ള ചോറ്.

ചോറുരുള:
*ചോറ്* വലിയ നാരങ്ങാ വലിപ്പത്തിൽ ഉരുട്ടിയത്. കുഴയ്കാതെ എന്ന് താല്പര്യം.

കുഴയ്കുക:
കൈപ്പത്തി *ചോറിന്റെ* മുകളിൽ കമത്തി വച്ച് മുഷ്ടി ചുരുട്ടുമ്പോൾ കയ്യിലൊതുങ്ങുന്നത്ര, ഞെക്കി അഞ്ചു വിരലുകളുടെയും ഇടയിലൂടെ ചതഞ്ഞരഞ്ഞ പരുവത്തിൽ വരുത്തുക.

കൂട്ടിക്കുഴയ്കുക:
*ചോറ്*, പ്രസക്തമായ മറ്റു വിഭവങ്ങളുടെ കൂടേ ചേർത്ത് *കുഴയ്കുക*.

കുഴച്ചുരുള
*കുഴച്ചിട്ട്* നാരങ്ങാ വലിപ്പത്തിൽ *ഉരുട്ടിയത്.*

ഉരുട്ടി ഒപ്പുക
*ചോറുരുളയോ*, *കുഴച്ചുരുളയോ* പ്രസക്തമായ മറ്റു വിഭവത്തിൽ പകുതി ഉരുള മാത്രം മുങ്ങാൻ പാകത്തിന് ഒപ്പുക. മറ്റേ പകുതി ഒപ്പപ്പെട്ട വിഭവം ചേരാതെ, തനതു സ്വാദ്/രസം നിലനിർത്തും.

കൂട്ടി കലർത്തുക:
ഉള്ളംകൈപ്പത്തി *പ്രസക്ത വിഭവങ്ങളിൽ* മുട്ടാതെ, അഞ്ചു വിരലുകൾ മാത്രം ഉപയോഗിച്ച് കൂട്ടി കലർത്തുക. വിഭവങ്ങൾ കുഴയരുത്, എന്നർത്ഥം.

വായ് നിറക്കുക:
വായ ആകെ നിറയാൻ പാകത്തിന് *പ്രസക്ത വിഭവം* ധാരാളം വാരി വായിൽ നിറക്കുക. നാക്ക് മാത്രമല്ല, വായുടെ മേൽഭാഗം, നാക്കിന്റെ കീഴ്ഭാഗം, ചുണ്ട്, തൊണ്ട എല്ലാം രസാസ്വാദനത്തിൽ പങ്കെടുക്കണമെന്നർത്ഥം. ഇത് ചെയ്ത ഉടനെ ചുണ്ട് കൂട്ടി പിടിച്ചു മാത്രമേ ചവക്കാൻ പറ്റൂ. അത്രക്കും വായ് നിറക്കണം. അവനവന്റെ വായുടെ വലിപ്പം അനുസരിച്ച് മാത്രം നിറക്കുക. അല്ലെങ്കിൽ ശ്വാസം മുട്ടും. ഉരുളയാണെങ്കിൽ ഇങ്ങിനെ വായ് നിറയില്ലെന്നു ശ്രദ്ധിക്കുക.

തൊട്ടു നക്കുക:
നടുവിരലും മോതിരവിവരലും ചേർത്തുപിടിച്ച് നല്ലവണ്ണം *പ്രസക്ത വിഭവത്തിൽ* നന്നായി മുക്കി, നാക്ക് പുറത്തേക്ക് നീട്ടി അതിൽ തേക്കുക.

വടിച്ചു മറിക്കുക:

കൈപ്പത്തി കുമ്പിൾപോലെ പിടിക്കുക. എന്നിട്ട് കമഴ്ത്തുക. പ്രസക്തവിഭവത്തിനു മുകളിൽ ഈ കമിഴ്ത്തിപ്പിടിച്ച കൈകുമ്പിൾ വക്കുക. പ്രദക്ഷിണം കറക്കുന്നതോടൊപ്പം, മുഷ്ടി ചുരുട്ടി കിട്ടാവുന്നിടത്തോളം പ്രസക്ത വിഭവം കൈക്കലാക്കുക. പ്രസക്ത വിഭവം നിറഞ്ഞ കൈക്കുമ്പിൾ ദ്രുത ഗതിയിൽ മലർത്തി കുമ്പിൾ പോലെ പിടിച്ച് വിഭവം താഴെ പോകുന്നതിന് മുൻപ് വായ് തുറന്ന്, അകത്തേക്ക് വീണ്ടും കൈകുമ്പിൾ കമഴ്ത്തി വായിൽ വച്ച്, കീഴ് പല്ലിൽകൂടി വടിച്ച് കൈ പുറത്തേക്കു കൊണ്ടു വരുക. സാധാരണയായി, എലയിൽ വിളമ്പിയ പായസം, കഴിക്കാനാണ് ഇതുപയോഗിക്കുന്നത്. ആദ്യം വിഷമമായി തോന്നുമെങ്കിലും, പരിചയം കൊണ്ട് സുഗമമാവുന്നതാണ്. ശ്രദ്ധിക്കുക ആദ്യത്തെ കുറച്ചു പ്രാവശ്യം കീഴ്താടിയിലൂടെ ഒലിക്കുകയോ, മേൽ വസ്ത്രങ്ങളിൽ തൂവുകയോ ഒക്കെ ചെയ്യും. വിഷമിക്കരുത്. "പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും”

<-നേർത്തെ പറഞ്ഞെന്താ?                                ം..ം.. ശരി->

സമകാലികം

പണ്ടൊക്കെ ഒരു രോഗം വരുമ്പഴാ വൈദ്യരെ കാണാൻ പോവാറ്. ഇപ്പോ അങ്ങന്യല്ലഎനിക്ക് 35 വയസ്സയി. ബിലാത്തിയിൽ നിന്നു വന്ന വിഡ്ഢിക്കഴുതയായ വരത്തൻ വെള്ളക്കാരൻ പറഞ്ഞട്ട്ണ്ടലോ ഇനി മൊതൽ, "അയ്യോ ഞാൻ രോഗിയാണോ. അയ്യോഞാൻ രോഗിയാണോ എന്ന് ദുഖിച്ചോണ്ട്, ആണ്ടിൽ 3 പ്രാവശ്യം, എക്സിക്യൂട്ടീവ് ചെക്കപ്, മെഗാ ചെക്കപ്, കാമ്പസിറ്റ് ചെക്കപ്, ഹെൽത് ചെക്കപ് ന്നൊക്ക പറഞ്ഞട്ട്, അരോഗ ദൃഢഗാത്രരായ ചെറുപ്പക്കാര് ആസ്പത്രീ പോയി മൂത്രോം, മലോം, ചോരേം, കരളും, കിഡ്നീം ഒക്കെ  chek ചെയ്തോണ്ട്, ഉപ്പും, മധുരോം, കൊഴുപ്പും ഒന്നൂല്യാത്ത നിർഗ്ഗുണമായ ഭക്ഷണം കഴിച്ചോണ്ട് ജീവിക്കണംന്ന്”. തീർന്നു. കുട്യോൾടെ അരോഗദൃഢഗാത്രത- സ്വാസ്ഥ്യം - അതോടെ തീർന്നു.! ഈ രോഗം മനസ്സിലാണ്. അതിന്റെടക്ക്, 'ആരോഗ്യമാസിക', 'ആരോഗ്യജീവിതം' എന്നൊക്കെ പറഞ്ഞ് എല്ലാരേം മനോരോഗികളാക്കി മാറ്റാൻ ശ്രമിക്കണ വാരികകള് വായിക്കാണ്ടിരിക്യ. 'ഹൗസ് സർജൻസി' ചെയ്തോണ്ടിരിക്കണ 'മെഡിക്കൽ' കുരുന്നുകളെ വിളിച്ച് ഏഷ്യാനെറ്റും, മനോരമയും, ഒക്കെ നിങ്ങടെ ഭയചകിതമായ ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിക്കണ പരിപാടികള് കാണാണ്ടിരിക്ക്യ.

എല്ലാവർക്കും ഉയരവും വണ്ണവും വ്യത്യസ്തമാണ്. ഇത്ര ഉയരത്തിന് ഇത്ര തൂക്കം എന്നൊന്നും ഭഗവാൻ പറഞ്ഞട്ടില്ല്യ. എത്രയോ പൊണ്ണത്തടിയന്മാർ സുഖമായി ജീവിക്കുന്നു. സ്വന്തം ധർമ്മങ്ങൾ ചെയ്തുകൊണ്ട് ജീവിക്കുന്നു. എന്നാൽ എത്രയോ ഹൈറ്റ്-വെയ്റ്റ് പ്രൊപ്പോർഷൻ കൃത്യമായി നോക്കിനടത്തുന്നവർ സ്വധർമ്മം നിവർത്തിക്കാൻ കഴിയാതെ നരകിക്കുന്നു. അതുകൊണ്ട്, തടീം, പൊക്കോം, തൂക്കോം ഒക്ക തമ്മിലുള്ള അനുപാതം നോക്കി വിഷമിക്കാതെ, 'സ്വധർമ്മം നിവർത്തിക്കാൻ കഴിയാത്ത' കാലം വരെ വിഷമിക്കാതിരിക്യ.

ഇപ്പ ദേ ഒരുകൂട്ടം കോമാളികളെ എറക്കി വിട്ടട്ട്ണ്ട്. 'ഡയറ്റി റ്റി റ്റി റ്റിഷ്യൻ' ന്നൊ മറ്റൊ ആണവര് ടെ പേര്. കുരുന്നുകള് നമ്മട കാരണോമ്മരോട്, എന്താ കഴിക്കണ്ടത്, എന്താ കഴിക്കണ്ടാത്തത് എന്നൊക്കെ പറഞ്ഞ് കൊട്ക്കണ കണ്ടാ ഓക്കാനം വരും. അവര് പറയും, പാവക്ക കഴിക്കരുത്, പടവലങ്ങകഴിക്കര് ത്. ഈന്തപ്പഴം തിന്നണം, പിസ്ത തിന്നണം ന്നൊക്ക. നുമ്മട നിഷ്കളങ്കരായ കുട്ട്യോള് അതൊക്കെ മേടിച്ച് തിന്ന്വേം ചെയ്യും. അവസാനം എന്താവും. ആനകളും, പശുക്കളും ഒക്കെ ഒട്ടകപ്പക്ഷികളും, എമുക്കളും, ജിറാഫ് കളും തിന്നണ സാധനങ്ങള് തിന്നാ എന്താണ്ടാവ് നിശ്ശണ്ടോ? അല്ലങ്കി, ഒരു ജിറാഫിനെയോ, നീർക്കുതിരയെയോ പിടിച്ച് കൊറച്ച്, തെങ്ങോലേം, വൈക്കോലും തീറ്റാൻ നോക്കൂ. ഓരോ ഭൂപ്രദേശങ്ങളിലുമുള്ള ഭൂമിയും, സസ്യങ്ങളും, മ്രൂഗങ്ങളും, മനുഷ്യരും പരസ്പരപൂരകങ്ങളാണ്. അതാതു ഭൂമിയിൽ കൃഷിചെയ്യാവുന്ന ചെടികളും, കായ്കളും, പഴങ്ങളും ഭക്ഷിക്കുന്നതാണ് മനുഷ്യന് സ്വാസ്ഥ്യകരം.


അപ്പോ ചുരുക്കം ത്രേള്ളൂ. പ്രകൃതിനിയമമനുസരിച്ച്, ധർമ്മനിരതനാവാൻ കഴിയാത്ത കാലം വരെ നാക്കത്ത് ശോഭിക്കണത്രേം ഉപ്പും, മൊളകും, മധുരോം ഒക്ക കഴിച്ച് സുഖായിട്ട് ജീവിക്യ. 50 വയസ്സു വരെ, മദ്യം, മൽസ്യം, മാംസം ഇവ കഴിക്കാതെ, പച്ചക്കറി മാത്രം തിന്ന്, ദിവസോം രാവിലെ 6 മണിക്ക് നാലുകിലോമീറ്റർ 'ബ്രിസ്ക് വാക്കിങ്ങും' ചെയ്ത്, പിന്നെ പറ്റുന്നെടത്തെല്ലാം നടന്ന് ചെന്നീര്ന്ന മൂന്ന് പേരെ എനിക്കറിയാം. ഒരാൾക്ക് ബൈപാസ് ചെയ്തു. മറ്റേ ആൾ ഇപ്പോ കഴുത്തിലിട്ട കൊഴലീക്കൂടി ഭക്ഷണം കഴിച്ച് വീൽ ചെയറിലിരിക്ക് ണൂ. മൂന്നാമത്തെ ആളിപ്പ ഇല്ല. അദ്ദേഹത്തിന് ബൈപാസ് ചെയ്തു. ഒരു കിഡ്നി മുറിച്ചു മാറ്റി. യൂറിനറി ബ്ലാഡർ അർബ്ബുദം കാരണം മുറിച്ചു മാറ്റി അരേല് കെട്ടണ പ്ലാസ്റ്റിക് ബാഗുമായി കഴിഞ്ഞേന്റെ മുമ്പത്തെ കൊല്ലം വരെ ജീവിച്ചു!!!

<-ശരിക്കങ്ക് ഡ് പിടി കിട്ടീല്ല്യ                                                                        ശരി->