സദ്യ വിധി - ചങ്ങനാശ്ശേരി

ഇന്ന് ചങ്ങനേശ്ശെരിയായിരുന്നു ഒരു കല്യാണ സദ്യ.
ഇതുവരെ നമ്മൾ കണ്ടത്, മദ്ധ്യ കേരളത്തിലെ സദ്യവിധിയായിരുന്നു. എറണാകുളത്തുനിന്ന് തെക്കോട്ട്, ചേർത്തല, ആലപ്പുഴ, ചങ്ങനാശ്ശേരി, പത്തനംതിട്ട, കൊല്ലം അങ്ങനെ അങ്ങനെ തിരുവനന്തപുരം വരെ പോയാൽ ഒരു ക്രമാനുഗതമായ വ്യത്യാസം ശ്രദ്ധേയമാണ്.

ഇന്നത്തെ സദ്യ, നാരായണീയ സമുദായത്തിലെ ഒരു കുടുംബത്തിന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ചായിരുന്നു. അതുകൊണ്ട് അതിന്റെ ചില വ്യത്യാസങ്ങളും കണാറായി.

സദ്യ നന്നായിരുന്നു. നാം വിവരിച്ച സദ്യവിധിയിൽ നിന്നും പ്രധാന വ്യത്യാസങ്ങൾ താഴെ പറയുന്നു.

വിഭവവ്യത്യാസം:
1. എരിശ്ശേരിയോ കൂട്ടുകറിയോ ഉണ്ടായിരുന്നില്ല.
2. കാളൻ നീളനായിരുന്നു. കുറുക്കു കാളനല്ല.
3. മസാലക്കറി (പൊതുവേ കേരള സദ്യക്കിവൻ പുതിയവനാണ്)
4. രസം ഉണ്ടായിരുന്നില്ല.
5. അണ്ണാറച്ചക്ക (കൈതച്ചക്ക / പൈനാപ്പിൾ) പായസം.
6. ബോളി


സ്ഥാന വ്യത്യാസം:
1. എരിശ്ശേരിയില്ലാഞ്ഞതുകൊണ്ട്, അവന്റെ സ്ഥാനം, മസാലക്കറി കയ്യേറിയിട്ടുണ്ട്. (എലയുടെ വലത്തെ അറ്റത്ത്, തണ്ടിനു മുകളിൽ). മദ്ധ്യകേരളത്തിലും ഇപ്പോൾ മസാലക്കറി വിളമ്പി തുടങ്ങിയിട്ടുണ്ടെങ്കിലും, എലേടെ മദ്ധ്യഭാഗത്തു നിന്നല്പം വലത്തോട്ടു മാറിയാണ് ഇവൻ പ്രത്യക്ഷപ്പെടാറ്.

2. ഉപ്പിലിട്ടതുകൾ സാധാരണ എലയുടെ നാക്കറ്റത്ത്, എലത്തണ്ടിനു താഴെയും, ഉപ്പേരി പപ്പടം പഴം ആദികൾ അവിടെത്തന്നെ എലയുടെ മുകളിലുമാണ് വെളമ്പാറ്. ഇവിടെ ഇതു നേരെ തിരിച്ചായിരുന്നു. അതൊരു പ്രാദേശിക വ്യത്യാസമല്ല, ദേഹണ്ഡക്കാരന്റെ ഔചിത്യമണെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തെ ഒന്നഭിമുഖം ചെയ്യണമെന്ന ആശ, എനിക്ക് എറണാകുളത്തേക്കെത്താൻ ധൃതിയുണ്ടായിരുന്നതുകൊണ്ട് നിറവേറിയില്ല.

വിഭവങ്ങളെല്ലാം വിളമ്പി വച്ച്, വിരുന്നുകാർ ഇരുന്നതിനുശേഷം ചോറ് വിളമ്പി. അതിനു മുകളിൽ, തികച്ചും ശാസ്ത്രീയമായി പരിപ്പു വിളമ്പുകയും, പിന്നാലെ ഒരു വിദ്വാൻ വന്ന് നെയ്യ് വിളമ്പുകയും ചെയ്തു. ഇക്കാലത്ത്, ഇത്രയും യാഥാസ്ഥിതികമായി നെയ് വിളമ്പിക്കാണാറില്ലാത്തതു കൊണ്ട്, 'നെയ്യ് കൂട്ട്യുണ്ണ്വാ' ഭേഷായി.

അതിനു പിൻപേ സാമ്പാറും വന്നു. ഏതായാലും എരിശ്ശേരി ഇല്ലായിരുന്നതു കൊണ്ട്, ഞാൻ സാമ്പാറു വാങ്ങി, 'അശനവിധി - സാമ്പാർ' പ്രയോഗിച്ചു. നല്ല തോരനുണ്ടായിരുന്നതു കൊണ്ട് അതും ഗംഭീരായി. എങ്കിലും സാമ്പാറിൽ എരിവിന്റെ കുത്തൽ വന്നത്, അല്പം ശർക്കരയിടാഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു.

അതിനുശേഷം തെക്കൻ സമ്പ്രദായമനുസരിച്ച്, ഒഴിച്ചു കാളൻ വന്നു. അതും, ഇസ്റ്റുവും (മിശ്രപച്ചക്കറി ഇസ്റ്റുവായിരുന്നു. ആംഗലത്തിൽ 'മിക്സഡ് വെജിറ്റബ്ൾ സ്റ്റ്യൂ' എന്നു പറയുന്നത്.) ഉണ്ടായിരുന്നതു കൊണ്ട് 'സദ്യവിധി - കാളോലവിധി' തരാക്കി. അവിയൽ കാളോലവിധിയുടെ എടക്കങ്ക് ഡ്  ചെലുത്തി. മസാലക്കറി പൊതുവേ സദ്യക്കെനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട്, ഞാനതൊഴിവാക്കി.

യഥാവിധി ഇതിനു ശേഷം പ്രഥമൻ വന്നു. ആദ്യം കടലപ്പരിപ്പുകൊണ്ടുള്ള ശർക്കരപ്രഥമൻ. പ്രത്യേകം കടലാസ്സു കോപ്പയിൽ തന്നതുകൊണ്ട്, 'വടിച്ചു മറി' വേണ്ടി വന്നില്ല.  ഗംഭീരായിരുന്നു. നല്ല ചൂടും.

പിന്നെ ബോളി. ഇപ്പോൾ കേരളത്തിലുടനീളം കണ്ടു വരുന്നൊരു പുതുമയാണ് ബോളിയുടെ മുകളിൽ പാലട വിളമ്പി കഴിക്കുക എന്നത്. എനിക്കിഷ്ടമാണീ പുതുമ. പാലട നന്നായിക്കിട്ടാൻ ഈയെടയായി ഞെരുക്കായി കണ്ടട്ട്ണ്ടങ്കിലും, ഇവിടെ നന്നായിരുന്നു.

തുടർന്ന് പുതുമുഖം 'അണ്ണാറച്ചക്ക പ്രഥമൻ' വന്നു. പുതുമ നന്നായെങ്കിലും പഴപ്രഥമന്റത്രയോ ചക്കപ്രഥമന്റത്രയോ വരില്യ . എനിക്ക് തോന്നണത്, കൈതച്ചക്കയിൽ നാര് കൂടുതലുള്ളതുകൊണ്ട്, ശരിക്കങ്ക് ഡ് വരളില്യാന്നാ.

രസമില്ലാത്തതുകൊണ്ട് മോരും വന്നു. നല്ല മൊളകും, ഇഞ്ചീം ഒക്കട്ടട്ട് ള്ള മോര്. നല്ലണം കുടിച്ചു.

ഇതിലിടക്ക്, ആ മാങ്ങ അരിഞ്ഞ് കറിയും, ചെറുനാരങ്ങാക്കറിയും പലപ്പഴായി തൊടച്ച് തീർത്തു. രണ്ടും നല്ല കത്തിവേഷമായിരുന്നു. രണ്ടും നന്നായിരുന്നെങ്കിലും, ഞാൻ സദ്യവിധിയിൽ വിവരിച്ച പോലെ, രണ്ടും ചുവന്ന മുളകു കറിയാക്കുന്നതിനു പകരം, ഒന്ന് പച്ചമുളകു കറി ആക്കുന്നത് കുറേക്കൂടി വൈവിധ്യം നൽകും.

എല്ലാം കഴിഞ്ഞപ്പോ പഴം തിന്നാൻ 'ബ്രഹ്മാണ്ഡ കുക്ഷിസ്ഥലമതു' തെകയാണ്ടായതോണ്ട് അതും,  കൂടെ പുതുമയായി, യാത്രതിരിക്കുമ്പോ തന്നീർന്ന ചെറുനാരങ്ങ എലേല് വെളമ്പീര് ന്നതും കൂടി കയ്യിലെടുത്തോണ്ട് പോന്നു.

കുടിക്കാനുള്ള വെള്ളം മിനറൽ വാട്ടർ ചെറിയ കുപ്പി (ഏകദേശം ഒരു നാഴി വെള്ളം വരും) വച്ചിരുന്നതെനിക്കിഷ്ടപ്പെട്ടു.

ആകപ്പാടെ സുഖായി. ഇനിയൊന്ന് മയങ്ങട്ടെ.

No comments:

Post a Comment