രസാസ്വാദനം

രസങ്ങളാറ്. ഉപ്പ്, കൈപ്പ്, പുളിപ്പ്, ചവർപ്പ്, എരിവ്, മധുരം. ആറെണ്ണമാണ് ഷഡ്രസങ്ങൾ. കേരളീയ വിഭവങ്ങൾ, ഇവയിലൊന്നോ അധികമോ എല്ലാമോ ചേർന്നവയാണ്. എങ്കിലും, ഏതങ്കിലും ഒന്നിന് പ്രാധാന്യമുണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 'പുളിശ്ശേരി' എന്ന പദാർത്ഥം പദത്തിൽ തന്നെയുണ്ട്. പുളി മുന്നിട്ട് നിൽകുന്നതുകൊണ്ടാണ് പേര്.

"രസാ: സ്വാദമ്ലലവണതിക്തോഷ്ണകഷായകാ:
.............. തേ ച യഥാപൂർവം ബലാവഹാ:”

എന്ന് ചരകൻ ഷഡ്രസങ്ങളേയും അവയുടെ താരതമ്യ ബലങ്ങളേയും വർണ്ണിക്കുന്നുണ്ട്. ശ്രീചക്രത്തിൽ ത്രിപുരസുന്ദരിയെ പൂജിക്കുന്ന ശ്രീവിദ്യോപാസകർ, ദേവിക്ക് നിവേദിക്കുന്നതു പോലും, ഷഡ്രസങ്ങളും ചേർന്ന് അഞ്ചു തരത്തിലുള്ള നിവേദ്യം ചേർത്താണ്. "പഞ്ചധാ ഷഡ്രസോപേതം ഗൃഹാണ പരമേശ്വരീ”.

ഷഡ്രസങ്ങൾ, പഞ്ചേന്ദ്രിയങ്ങളിൽ ഏതുകൊണ്ടാണാസ്വദിക്കുക, എന്നു ചോദിച്ചാൽ പെട്ടെന്നുള്ള ഉത്തരം നാക്ക്, എന്നായിരിക്കും. എന്നാൽ രസങ്ങളാസ്വദിക്കേണ്ടത്, പഞ്ചേന്ദ്രിയങ്ങളും കൊണ്ടാണ്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക് ഈ അഞ്ചും. നല്ല കയ്പ്പ് ള്ള കഷായം ചെലുത്തുമ്പോ, മൂക്ക് പൊത്തിപ്പിടിച്ചാൽ കയ്പ്പറിയില്ല്യാ എന്നുള്ളത്  എല്ലാർക്കും അറിയവുന്നതാണല്ലോ. അപ്പോ, മൂക്ക് വാസനിക്കാൻ മാത്രള്ളതല്ലാ, രുചിക്കാനും കൂടീള്ളതാണ് എന്ന് തീർച്ച. ബാക്കിയെപറ്റിയും പറയാം.

പക്ഷേ ഈ *കൊഴക്കാ*, *കോഴച്ചുരുട്ട്വാ*, മുതലായതൊക്കെ വിട്ട്, കത്തീം, മൂള്ളും കടന്ന്, ഇപ്പോ ഈ 'കേബിൾ റിമോട്ടാണല്ലോ' ഉണ്ണാനിരിക്കണേന് മുമ്പ് അന്വേഷിക്കണത്. അപ്പോ പിന്നെ കണ്ണും, ചെവീം മനസ്സും ഒക്കെ ഏഷ്യാനെറ്റിലും, സൂര്യേലും ഒക്കെയായിരിക്കണോണ്ട്, പഞ്ചേന്ദ്രിയങ്ങൾ ലഭ്യാവില്ല. അതോണ്ട്, ആ കേബിളങ്ക് ഡ് ഓഫ് ചെയ്യാ. ന്നട്ട്, ഭക്ഷണം കഴിക്കാനാണ് വന്നിരിക്കണത്, എന്ന് നല്ലണം മനസ്സില് നിരീച്ച്, നെലത്ത് പായേട്ടട്ടോ, പലകേട്ടട്ടോ.… ഓ,, പറ്റിപ്പോയി… ഇപ്പൊ ഡൈനിംഗ് ടേബിളാണല്ലോ..ശരി ന്നാ അതില് ഇരിക്കാ. വെക്കാനും വെളമ്പാനും വേറാരെങ്കിലും ണ്ട്.... ന്ന്ള്ള ഒരു തീർച്ചേലാണ് ഈ പറയണേട്ടോ. അദല്ലാ… നമ്മള് തന്നെ സ്വയം വെച്ച് വെളമ്പി കഴിക്ക് ആണെങ്കി ള്ള കാര്യങ്ങള് പിന്നെ പറയാം. അപ്പോ വീട്ടില് ലളിതമായൊരൂണ് (http://eating-ways.blogspot.com/2014/04/blog-post_26.html)  കഴിക്കാനിരിക്ക്യാന്ന് വിചാരിക്യാ. അത് തന്നെ പഞ്ചേന്ദ്രിയവേദ്യമാണെങ്കി, പിന്നെ വിഭവസമൃദ്ധമായ സദ്യക്ക് ആറാമതൊരിന്ദ്രിയം കൂടി വേണന്ന്ള്ള അവസ്ഥയല്ലേ ആവുള്ളു.

ബ്ലോഗ് കളിവട വായിക്കാൻ നിവൃത്തീല്ല്യാത്ത കാരണം, ആദ്യം ഉദാഹരണായിട്ടെട്ക്കണ ലളിതാമായ ഊണിനെ പറ്റി. ഒരു മൊളോഷ്യോം (http://bindukp2.blogspot.com/2008/10/blog-post.html), കട്മാങ്ങേം, പപ്പടോം മാത്രം. കാക്കിലോ കുമ്പളങ്ങ ചെറുതാക്കി നുറുക്കി വക്കുക. അഞ്ച് പച്ചമൊളക് (ചെറുതാണെങ്കിൽ എട്ട്) നീളത്തിൽ കീറി വക്ക് ആ. അര പിടി കരിവേപ്പില കഴുകി വൃത്തിയാക്കിതും. അര കോപ്പ ചെറുപരിപ്പ് നന്നായിട്ട് വേവിക്ക്യ. അതിലിക്ക് കുമ്പളങ്ങ നുറുക്കീതും പച്ച മുളകും കൂടി ഇട് ആ. കാൽ ടീസ്പൂൺ ചൊവന്ന മൊളക് പൊടീം ഒരു നുള്ള് മഞ്ഞപ്പൊടീം ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് തെളപ്പിക്ക് ആ. തെളച്ച് കഴിയുമ്പോ (കുമ്പളങ്ങ വേവണ്ട) സ്റ്റൗ ഓഫ് ചെയ്ത്, അപ്പ ത്തന്നെ ഒരു ടേബിൾസ്പൂൺ പച്ച വെളിച്ചെണ്ണേം, ശരിയാക്കി വച്ച കരിവേപ്പിലേം കൂടി ഇട്ട് ഒടനെ അടച്ച് വക്ക് ആ. മൊളോഷ്യായി. കട്മാങ്ങ നരസൂസിന്റെയാണ് എനിക്ക് നന്നായി തോന്നീട്ട് ള്ളത്. പപ്പടം ഈ ചേർച്ചേല് പണ്ടാരന്റതിനെക്കാ നന്ന് കൊങ്ങിണികളുടെ വെളുത്ത പപ്പടാ.

അപ്പോ, ഡൈനിംഗ് ടേബിളില്, സ്റ്റീൽ പ്ലേറ്റില്, മൊളോഷ്യം, കടുമാങ്ങാ, പപ്പടം കാച്ചീത്, തൈര്. അത്രതന്നെ. പിന്നെ പഞ്ചേന്ദ്രിയങ്ങളും.

ആദ്യം പ്ലേറ്റ് വരും. എല്ലാങ്കൂടി ഒരു പ്ലേറ്റില് വെളമ്പിക്കല്ലേട്ടോ. ഒരു സൈഡ് പ്ലേറ്റ് ഉപയോഗിക്കൂ. ദേ.. പ്ലേറ്റിലിക്ക് 'കണ്ണ്' തൊറന്ന് നോക്വാ. ടീ.വീലിക്കല്ല, ഇവടെ പ്ലേറ്റിലിക്ക്. നല്ലണം കഴുകി തെളങ്ങണില്ല്യേ? പ്ലേറ്റിന്റെ തെളക്കം, എലേടെ ശോഭ ഇതൊക്കെ നോക്കി കണ്ട് ആസ്വദിക്കണം. ഇത്തിരി നെറം മങ്ങിയ പ്ലേറ്റാണെങ്കിലോ! ത്തിരി കറുപ്പു വീണ എലയാണെങ്കിലോ. എലേടെ വക്കത്ത് ത്തിരി കീറുകയോ, മടങ്ങിഒടിഞ്ഞിരിക്കുകയോ ചെയ്തട്ട്ണ്ടങ്കിലോ? പ്ലേറ്റിന്റെ വക്കത്തിത്തിരി കറയുണ്ടെങ്കിലോ!! അതാ പറഞ്ഞേ, കണ്ണോണ്ടാസ്വദിക്കണംന്ന്.

അപ്പ ദേ വര് ണൂ ചോറ്. അതീന്ന് ആവി പറക്കണ കണ്ടോ? ല്യേ? അട്ത്തെത്തുമ്പോ, ആവീന്ന് വരണ വാസന 'മൂക്ക്' തൊറന്ന് ആസ്വദിക്കാ. ചോറിന് വാസനേണ്ട്... ന്ന് മനസ്സിലായില്ല്യേ? ചോറ് പ്ലേറ്റിലിക്ക് വെളമ്പുമ്പോ, അതിന്റെ ചുറ്റും ആവി പരന്നട്ട്, പ്ലേറ്റൊന്ന് മങ്ങും. നോക്യോ? എലയാണെങ്കി ഒന്ന് വാടും. വെളമ്പുകാരൻ പിന്നേം അടുക്കളേലിക്ക് മൊളോഷ്യം എട്ത്തോണ്ട് വരാമ്പോവുമ്പോ, ചോറിലിക്ക് വലത്തേ കൈപത്തീടെ ഉൾ വശം മുട്ടാൻ പാകത്തിന് കമത്തി ഒന്ന് വക്കാ. കയ്യില്, കയ്യിന്റെ 'തൊലീ' ല് ചൂടറിയണില്ല്യേ? ചോറ് തണുത്തതായിരുന്നെങ്കിലോ? അതാ പറഞ്ഞേ തൊലി കൊണ്ടാസ്വദിക്കണം….. ന്ന്. നടുക്ക് വെളമ്പിയ ചോറ് ചൂടാസ്വദിച്ചോണ്ട് ത്തിരി അരികത്തിക്ക് ഒതുക്കൂ, മൊളോഷ്യത്തിനാ.

വെളമ്പ് കാരൻ, എവട പോയീ. , മൊളോഷ്യത്തില് ദേ.. ഇപ്പ ഒഴിച്ച വെളിച്ചണ്ണടേം, കരിവേപ്പിലടേം കൂടി മണം വര് ണില്യേ? അത് മൂക്ക് വിടർത്തി ആസ്വദിക്കൂ. മൊളോഷ്യം വന്നു. ആവി പറക്കണൂ, മണം വരുന്നൂ. ചോറൊതുക്കീണ്ടാക്കിയ എടേണ്ടല്ലോ, അവടക്ക് മൊളോഷ്യം വെളമ്പിക്കാ. ചോറിന്റെ മോളിലിക്കല്ല. ബാക്കി സാധനങ്ങള് വരണേന് മുമ്പ് ഉണ്ട് തൊടങ്ങാട്ടോ. ചോറൊന്ന് ഞെക്കുക. മൊളോഷ്യത്തിലെ ഭംഗീള്ള പച്ചമൊളകും, കരിവേപ്പിലയും നോക്കൂ. *ഉരുട്ടി ഒപ്പുക*. വായ നല്ലോണം തൊറന്ന് അത് ഉണ്ണുക. ചോറുരുളേടെ പകുതി ഭാഗം മൊളോഷ്യത്തില് നല്ലോണം മുങ്ങീം, ബാക്കി നനയാത്ത ചൂടുള്ള ചോറ് മാത്രവുമായ ഉരുള. നാക്കിനും, വായേടെ മേൽഭാഗത്തിനും, ഇത് പ്രത്യേകം വേദ്യമാവും.

ദാ ഇപ്പൊ പപ്പടോം കടുമാങ്ങേം എത്തീല്യേ?. കടുമാങ്ങ നല്ല ചൊമന്ന നെറല്ലേ? ചെലപ്പ ഇരുന്നിരുന്ന് കറുക്കും. അല്ലെങ്കിൽ പൂപ്പല് വന്ന് വെളുക്കും. കറ്ത്താലും, വെളുത്താലും കൊള്ളില്യ, കടുമാങ്ങ ചൊമന്ന് തന്നെ ഇരിക്കണം, കാണാനും, തിന്നാനും.  അതൊന്ന് *തൊട്ടുനക്കുക*. നാക്കത്ത് നല്ലണം ശോഭിക്കിണ് ല്യേ?

എടക്ക് പപ്പടം പൊട്ടിക്കുമ്പോ ശബ്ദം കേക്കണില്ല്യേ? 'ചെവി' തൊറന്ന് വക്യാ.. കടിക്കുമ്പഴും കറും മുറും ന്ന് ള്ള ശബ്ദം കേട്ടില്ല്യങ്കി, കാച്യ പപ്പടം എങ്ങനെ ഇരിക്കും? അതിനീപ്പോ നല്ല അരിക്കൊണ്ടാട്ടായാലും, ഞവ ഞവാ ന്നിരുന്നാ ആഭാസല്ലേ? തൈര്ണ്ടങ്കി അവസാനം മൊളോഷ്യോം തൈരും കൂടി കൂട്ടി ചോറിൽ കലക്കി പായസ പരുവമാക്കി *വടിച്ചു മറിക്കുക* ബഹു വിശേഷാ.

അപ്പോ, തൊലീം, കണ്ണും, കാതും, മൂക്കും, നാക്കും ഒക്ക ചേർന്നാണ് അശനം ആസ്വദിക്കണ്ടത്. പഞ്ചേന്ദ്രിയങ്ങളോണ്ട് ള്ള അശനാസ്വാദനം കേമായില്ല്യേ? നി, ഒരേംബക്കോം വിട്ട്, ചാരു കസേരേമ കെടന്ന് നാലും കൂട്ടി മുറുക്കിക്കോളൂ. പക്ഷേ, ഒരു കാര്യം.. ഏംബക്കം വിടണേന്റെ പിന്നാലെ, അട്ടഹസിക്കണ ശബ്ദത്തില് excuse me എന്നൊന്നും പറഞ്ഞേക്കല്ലെ. അതൊക്കെ ഇപ്പഴത്തെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗാ. അമേരിക്കക്കാര് അങ്ങന്യാത്രെ. ഒരു meeting room ല് meeting നടന്നോണ്ടിരിക്കുമ്പോ ഒരാൾക്ക് പെട്ടെന്ന് ഒരേംബക്കം വന്നാൽ ഒടനെ അവര് excuse me പറയും. ഏമ്പക്കം ആരും മുറീല് കേട്ടട്ടില്യങ്കിലും, excuse me എല്ലാരും കേക്കും. ഒരീസം ഞാനൊരു corporate presentation ചെയ്യണസമയത്ത് ഞെട്ടി. ഞാൻ നിർത്തീട്ട് excuse നോട് ചോദിച്ചു. "Yes,…?" അപ്പൊ എല്ലാരും ഞെട്ടി അങ്ങോട്ട് നോക്കി. അപ്പഴും ഒരു കോർപറേറ്റ് അസുഖം അവര് കാണിക്കും. shrug the shoulder ന്നോ മറ്റോ ആണത്രെ അസുഖത്തിന്റെ പേര്. എന്തായാലും, പിന്നാലെ അയാള് കയ്യീ കരുതീര്ന്ന കിൻലേ ഒരു കവിൾ കുടിച്ചു!. 

നമുക്ക്, ഒരസുഖോം വരില്യ. കാരണോ?.. നിങ്ങള് അവരേ ശ്രദ്ധിച്ചാണ് കഴിക്കണത് ന്ന്, ഭക്ഷണത്തിനറിയാൻ പറ്റും. സത്യാട്ടോ. അത് വിസ്തരിച്ച് പിന്നെ പറയാം.

 <-നിഘണ്ടു ഒന്നുംകൂടി                                                                           ം..ം.. ശരി->

No comments:

Post a Comment