സാങ്കേതിപ പദ നിഘണ്ടു

കുഴക്കുക ഉരുട്ടുക എന്നൊക്കെ പറയുന്നതിന്റെ അർത്ഥം ഇന്ന് മിക്ക ചെറുപ്പക്കാർക്കും അറിയാത്തതുകൊണ്ടും, ഇത്തരം ഒരു വിവരണത്തിൽ, അസന്ദിഗ്ധതക്കു വേണ്ടി, ഇതിലുപയോഗിക്കുന്ന പദങ്ങളുടെ ഒരു നിഘണ്ടു ചേർക്കുന്നു. ഈലേഖനത്തിൽ, ഇനിയുള്ള സ്ഥലങ്ങളിൽ, നിഘണ്ടുവിൽ നിർവ്വചിച്ചിട്ടുള്ള പദങ്ങൾ, വ്യക്തതക്ക് വേണ്ടി നക്ഷത്രചിഹ്നങ്ങളുടെ നടുക്കായിരിക്കും കൊടുക്കുന്നത്.

പ്രസക്ത വിഭവം:
ചോറോ, ചോറോടു കൂടി മറ്റു വിഭവങ്ങളും ചേർത്തോ, മറ്റു വിഭവങ്ങൾ മാത്രമോ, എന്തിനെപ്പറ്റിയാണ് വിവരിക്കുന്നതെങ്കിൽ ആ മിശ്രിതം.

ചോറ്:
ഒന്നും കൂട്ടതെയുള്ള ചൂടുള്ള ചോറ്.

ചോറുരുള:
*ചോറ്* വലിയ നാരങ്ങാ വലിപ്പത്തിൽ ഉരുട്ടിയത്. കുഴയ്കാതെ എന്ന് താല്പര്യം.

കുഴയ്കുക:
കൈപ്പത്തി *ചോറിന്റെ* മുകളിൽ കമത്തി വച്ച് മുഷ്ടി ചുരുട്ടുമ്പോൾ കയ്യിലൊതുങ്ങുന്നത്ര, ഞെക്കി അഞ്ചു വിരലുകളുടെയും ഇടയിലൂടെ ചതഞ്ഞരഞ്ഞ പരുവത്തിൽ വരുത്തുക.

കൂട്ടിക്കുഴയ്കുക:
*ചോറ്*, പ്രസക്തമായ മറ്റു വിഭവങ്ങളുടെ കൂടേ ചേർത്ത് *കുഴയ്കുക*.

കുഴച്ചുരുള
*കുഴച്ചിട്ട്* നാരങ്ങാ വലിപ്പത്തിൽ *ഉരുട്ടിയത്.*

ഉരുട്ടി ഒപ്പുക
*ചോറുരുളയോ*, *കുഴച്ചുരുളയോ* പ്രസക്തമായ മറ്റു വിഭവത്തിൽ പകുതി ഉരുള മാത്രം മുങ്ങാൻ പാകത്തിന് ഒപ്പുക. മറ്റേ പകുതി ഒപ്പപ്പെട്ട വിഭവം ചേരാതെ, തനതു സ്വാദ്/രസം നിലനിർത്തും.

കൂട്ടി കലർത്തുക:
ഉള്ളംകൈപ്പത്തി *പ്രസക്ത വിഭവങ്ങളിൽ* മുട്ടാതെ, അഞ്ചു വിരലുകൾ മാത്രം ഉപയോഗിച്ച് കൂട്ടി കലർത്തുക. വിഭവങ്ങൾ കുഴയരുത്, എന്നർത്ഥം.

വായ് നിറക്കുക:
വായ ആകെ നിറയാൻ പാകത്തിന് *പ്രസക്ത വിഭവം* ധാരാളം വാരി വായിൽ നിറക്കുക. നാക്ക് മാത്രമല്ല, വായുടെ മേൽഭാഗം, നാക്കിന്റെ കീഴ്ഭാഗം, ചുണ്ട്, തൊണ്ട എല്ലാം രസാസ്വാദനത്തിൽ പങ്കെടുക്കണമെന്നർത്ഥം. ഇത് ചെയ്ത ഉടനെ ചുണ്ട് കൂട്ടി പിടിച്ചു മാത്രമേ ചവക്കാൻ പറ്റൂ. അത്രക്കും വായ് നിറക്കണം. അവനവന്റെ വായുടെ വലിപ്പം അനുസരിച്ച് മാത്രം നിറക്കുക. അല്ലെങ്കിൽ ശ്വാസം മുട്ടും. ഉരുളയാണെങ്കിൽ ഇങ്ങിനെ വായ് നിറയില്ലെന്നു ശ്രദ്ധിക്കുക.

തൊട്ടു നക്കുക:
നടുവിരലും മോതിരവിവരലും ചേർത്തുപിടിച്ച് നല്ലവണ്ണം *പ്രസക്ത വിഭവത്തിൽ* നന്നായി മുക്കി, നാക്ക് പുറത്തേക്ക് നീട്ടി അതിൽ തേക്കുക.

വടിച്ചു മറിക്കുക:

കൈപ്പത്തി കുമ്പിൾപോലെ പിടിക്കുക. എന്നിട്ട് കമഴ്ത്തുക. പ്രസക്തവിഭവത്തിനു മുകളിൽ ഈ കമിഴ്ത്തിപ്പിടിച്ച കൈകുമ്പിൾ വക്കുക. പ്രദക്ഷിണം കറക്കുന്നതോടൊപ്പം, മുഷ്ടി ചുരുട്ടി കിട്ടാവുന്നിടത്തോളം പ്രസക്ത വിഭവം കൈക്കലാക്കുക. പ്രസക്ത വിഭവം നിറഞ്ഞ കൈക്കുമ്പിൾ ദ്രുത ഗതിയിൽ മലർത്തി കുമ്പിൾ പോലെ പിടിച്ച് വിഭവം താഴെ പോകുന്നതിന് മുൻപ് വായ് തുറന്ന്, അകത്തേക്ക് വീണ്ടും കൈകുമ്പിൾ കമഴ്ത്തി വായിൽ വച്ച്, കീഴ് പല്ലിൽകൂടി വടിച്ച് കൈ പുറത്തേക്കു കൊണ്ടു വരുക. സാധാരണയായി, എലയിൽ വിളമ്പിയ പായസം, കഴിക്കാനാണ് ഇതുപയോഗിക്കുന്നത്. ആദ്യം വിഷമമായി തോന്നുമെങ്കിലും, പരിചയം കൊണ്ട് സുഗമമാവുന്നതാണ്. ശ്രദ്ധിക്കുക ആദ്യത്തെ കുറച്ചു പ്രാവശ്യം കീഴ്താടിയിലൂടെ ഒലിക്കുകയോ, മേൽ വസ്ത്രങ്ങളിൽ തൂവുകയോ ഒക്കെ ചെയ്യും. വിഷമിക്കരുത്. "പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും”

<-നേർത്തെ പറഞ്ഞെന്താ?                                ം..ം.. ശരി->

No comments:

Post a Comment