അശനവിധി - ഷഡ്രസം


ഭാവങ്ങൾ നവരസ സമ്മിളിതമാണെങ്കിൽ, അശനം ഷഡ്രസ സമ്മിളിതമത്രെ. എന്തൊക്കെയാ ഈ ഷഡ്രസങ്ങൾ... ന്നാണങ്കി ദാ, കേട്ടോളൂ.

ഉപ്പ്, കൈപ്പ്, പുളിപ്പ്, ചവർപ്പ്, എരിവ്, മധുരം. ഈ ആറെണ്ണമാണ് ഷഡ്രസങ്ങൾ. കേരളീയ വിഭവങ്ങൾ, ഇവയിലൊന്നോ, അധികമോ, എല്ലാമോ ചേർന്നവയാണ്. എങ്കിലും ഏതങ്കിലും ഒന്നിന് പ്രാധാന്യമുണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 'പുളിശ്ശേരി' എന്ന പദാർത്ഥം ആ പദത്തിൽ തന്നെയുണ്ട്. പുളി മുന്നിട്ട് നിൽകുന്നതുകൊണ്ടാണ് ഈ പേര്.

പ്രാതൽ, ഊണ്, അത്താഴം എന്നിങ്ങിനെ മൂന്നു സമയത്താണ് പ്രധാനമായി മലയാളികൾ അശനം ചെയ്യുന്നത്. പണ്ടൊക്കെ പ്രാതൽ, കുത്തരി കഞ്ഞിയായിരുന്നു. ഇന്നത്, ഇഡ്ഡലിയും, പുട്ടും, ചപ്പാത്തിയും, ഉപ്പുമാവും, പൊങ്കലും, ബ്രഡ് റ്റോസ്റ്റും, കോൺഫ്ലേക്സും, കാളക്കണ്ണും മറ്റുമായി കോണ്ടിനന്റൽ ആയിട്ടുണ്ട്.

നമുക്കാദ്യം ഊണിൽ ശ്രദ്ധിക്കാം. കാരണം മറ്റു രണ്ടും വലിയൊരു പരിധി വരെ സംസ്കാരം നിലനിർത്തുന്നുണ്ടെങ്കിലും, ഊണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഊണിൽ ചോറാണ് പ്രധാനം. അതു തന്നെ പച്ചരി, പുഴുങ്ങലരി, ഒണങ്ങലരി, കുത്തരി എന്നിങ്ങിനെ വിവിധ ജാതിയിൽ പെടും. ഓരോന്നിനും ഓരോ സ്വാദാണെന്നു മാത്രമല്ല, അവയുടെ ദഹന പ്രക്രിയയും, എന്തു കൂട്ടിയുണ്ണാമെന്നുള്ളതും വ്യത്യസ്തം തന്നെ. ഉദാഹരണമായി, പച്ചരികൊണ്ട് കഞ്ഞി വച്ചാൽ കൊള്ളില്ല. കുത്തരികൊണ്ട് ഊണുണ്ടാക്കാമെങ്കിലും കഞ്ഞിയാണ് സുഖം. പുഴുങ്ങലരി കൊണ്ട് രണ്ടും ആവാം. മൊളോഷ്യം കൂട്ടി ഉണ്ണാൻ പച്ചരിയാണ് നല്ലതെങ്കിൽ, കാളൻ കൂട്ടി ഉണ്ണാൻ പുഴുങ്ങലരിയാണ് കേമം.

എന്ത് ചോറാണെങ്കിലും, കൂട്ടിയുണ്ണുന്നത്, പ്രധാനമായും ഒരൊഴിച്ചുകൂട്ടാനും, ഒരു ഖരവിഭവവും ചേർന്നായിരിക്കും. ഖരവിഭവം, ജലമയമല്ലാത്ത മെഴുക്കുപുരട്ടി, തോരൻ, മുതലായവയാണ്. ഇത്രയുമായാൽ പിന്നെ എല്ലാം ആഡംബരമാണ്. തമിഴന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരു കുഴമ്പും കൂടി ആവാം. പിന്നെയും ഒരെണ്ണം കൂടിയാവാം. പക്ഷെ വീട്ടു വിധിയിൽ, പപ്പടവും, ഉപ്പിലിട്ടതും സ്ഥിരവും, കൂട്ടാനും ഖരവിഭവും ചരവും (ജ്യോൽസ്യന്റെ ഭാഷ) ആണ് പതിവ്. ഇന്നിപ്പോ ജീവിതത്തിന്റെ വേഗത കൂടിയതനുസരിച്ച്, ചിലപ്പോൾ ഒരു തൈരും ഉപ്പിലിട്ടതും മാത്രമാക്കുന്ന പതിവുമുണ്ട്.

ഇതിൽ വളരെ ശ്രദ്ധേയമായ കാര്യം 'പുളി' യുടെ പ്രാധാന്യമാണ്. ഒരു സാധനമെങ്കിലും പുളിയുള്ളതില്ലെങ്കിൽ, നാക്കത്ത് ശോഭില്ല. ഉദാഹരണം, എരിശ്ശേരിയും മെഴുക്കുപുരട്ടിയും. രണ്ടിലും പുളിയില്ല. അതുകൊണ്ട് ഒരു ഉപ്പിലിട്ടതെങ്കിലും ഇല്ലെങ്കിൽ, ഓക്കാനം വരും. എന്നാൽ ഒന്നെങ്കിലും പുളിയില്ലാത്തതില്ലെങ്കിലും തഥൈവ. ഉദാഹരണം, കാളനും സാമ്പാറും. രണ്ടും പുളിയുള്ളതാണ്. അതുകൊണ്ട് ഒരു പപ്പടമെങ്കിലും ഇല്ലെങ്കിൽ ഒരു വഹയാ.

നാക്കിന്റെ ഈ പ്രത്യേകതകൊണ്ട്, കേരളത്തിൽ, നായന്മാർ (അവരായിരുന്നുല്ലോ 'ഉണ്ണാമന്മാർ'. നയന്മാർ കേരളരാജാക്കന്മാരുടെ പടയാളികളായിരുന്നെങ്കിലും,  ഊണുകാര്-നായമ്മരെ പറ്റി പറയും, 'പടക്ക് പിന്നിലും പന്തിക്ക് മുമ്പിലും' എന്ന്) ഏറ്റവും കുറഞ്ഞത് ഒരു പുളിയുള്ള വിഭവവും ഒരു പുളിയില്ലാത്ത വിഭവും ചേർത്താണ് ഉണ്ണാറ്. ഇത്രയും മനസ്സിലാക്കിയാൽ തന്നെ അശനം ആനന്ദകരമാക്കാം.

സത്യത്തിൽ ഇത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും, പ്രസക്തമാണെന്നത്, പല ഭാരതീയ തന്ത്രഗ്രന്ഥങ്ങൾ നോക്കിയാലും മനസ്സിലാവും.
"നിവേദ്യം ഷഡ്രസോപേതം ... (ശ്രീ ശ്രീവിദ്യാ യജനവിധി)
"ഹേമപാത്രഗതം ദിവ്യം പരമാന്നം സുസംസ്കൃതം പഞ്ചധാ ഷഡ്രസോപേതം" (പ.ക.സൂ - ദ്വി. പ. പുടം 490)
ഇങ്ങിനെ ഭാരത്തത്തിലെ ആകെ തന്നെ, മനുഷ്യാശന വിധിയിലെന്ന പോലെ തന്നെ, ദേവതാ നൈവേദ്യ വിധിയിലും ഷഡ്രസങ്ങളുടെ പ്രാധാന്യം പ്രത്യേകം ശ്രദ്ധേയമാണ്.

അതുകൊണ്ട് 'പുളിയാണ്' അശന സുഷുംനയുടെ മൂലാധാരം. ഭക്ഷണ ക്ഷേത്രത്തിന്റെ ആധാരശില. ഭോജന ധ്വജത്തിന്റെ കൂർമ്മം. ആഹാര കിണറിന്റെ നെല്ലിപ്പലക.

No comments:

Post a Comment