സദ്യവിധി - സാമ്പാർ

അവനല്ലേ കാളോപരിസ്ഥൻ! (സ് ഉം ഥ യും കൂടി ചേർന്നാൽ സ്ഥ = ഡ് + ഥ ആണത്രെ ഗൂഗിളിന്!!)

നെയ്യും, എരിശ്ശേരിയും, കാളനും, ഓലനും തുടച്ചുനീക്കിയ സ്ഥിതിക്ക്, ഇനി നമുക്ക് അവനെ പിടിക്കാം.

സാധാരണയായി സദ്യക്ക്, മുരിങ്ങക്കായ, വെണ്ടക്ക, അല്പം വഴുതിനങ്ങ എന്നിവയാൽ ഇവനെ രചിക്കുകയാണ് പതിവ്. ഒരുകഷ്ണം പച്ച പാവക്ക ഇടുന്നത്, രസാസ്വാദനം പതിന്മടങ്ങ് വർദ്ധിപ്പിക്കും. ചില മണ്ടൻ ദേഹണ്ഡക്കാർ, സാമ്പാറിൽ ഉരുളക്കിഴങ്ങിടും. അവരെ ഞങ്ങൾ 'ഉരുളക്കെഴങ്ങന്മാർ' എന്നാണ് പറയുക.

"ഓ, ഉരുളങ്കിഴങ്ങ് വേണ്ടായിരിക്കാം. എന്നാലും അതിട്ടതുകൊണ്ട് എന്തു വിരോധം?" എന്നു ചോദിക്കുന്ന ചില വിദ്വാന്മാരുണ്ട്. ആ വ്യത്യാസം മനസ്സിലാക്കണമെങ്കിൽ, ആദ്യം നിത്യവും വെടിപ്പായി നാക്ക് വടിക്കുന്ന ശീലമുണ്ടായിരിക്കണം. അതുണ്ടെങ്കിൽ പറഞ്ഞു തരാം.
രണ്ടടുപ്പത്ത്, സാമ്പാറുണ്ടാക്കുക. ഒന്നിൽ മുരിങ്ങക്കായയും, വെണ്ടക്കയും, മാത്രം ചേർത്ത്, ഒരു കോപ്പ തുവരപ്പരിപ്പിൽ സാമ്പാർ വക്കുക. മറ്റേതിൽ അതേ അളവിൽ, അതേ സാധനങ്ങൾ ചേർത്ത്, ഒരു ഉരുളങ്കിഴങ്ങും കൂടി നുറുക്കിയിടുക.
ബാക്കിയെല്ലാം ഒരേ അളവിലായിരിക്കണം. ഈ സയന്റിസ്റ്റ്സ്, (ശാസ്ത്രജ്ഞന്മാരല്ല. കാരണം അതു രണ്ടും തമ്മിൽ അജഗജാന്തരമുണ്ട്. അത് വേറേ എവിടെയെങ്കിലും പറയാം) മർദ്ദവും, ഊഷ്മാവും വച്ച് പരീക്ഷിക്കുമ്പോൾ, പല ഊഷ്മാവിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യാൻ, ഒരേ മർദ്ദം നിലനിർത്തുന്നതുപോലെ!

രണ്ടു സാമ്പാറും തയ്യാറായി കഴിഞ്ഞാൽ, ഒരു കരണ്ടിയിൽ ഓരോന്നും അല്പം എടുത്ത് വലത്തേ ഉള്ളംകയ്യിൽ ഒഴിച്ച് വൃത്തിയായി നക്കുക. മനസ്സിലായോ? ഇല്ലെങ്കിൽ രണ്ടു ചെറിയ തളികകളിൽ ഒരോ ചട്ടകം ചോറെടുത്ത് അതിൽ യഥാക്രമം രണ്ടു സാമ്പാറും ചേർത്ത് കഴിക്കുക. ഇപ്പോ മനസ്സിലായോ? അതാണ് 'സാമ്പാറൻ'!
ചാക്യാര് പറഞ്ഞ പോലെ 'അങ്ങിനെയെല്ലാം വിലസിക്കുന്ന, ആ മഹാനായ സാമ്പാറനെ സേവിക്കാനായിക്കൊണ്ട്...' വിശേഷ നിയമങ്ങളൊന്നുമില്ല.

ഒരൊറ്റകാര്യം:-
പുളിയും എരിവും പ്രധാനമായ കൂട്ടാനായതു കൊണ്ട്, കൂടെ കഴിക്കുന്നത്, പുളിയും എരിവും കുറഞ്ഞ കൂട്ടാനുകളോ, അല്ലെങ്കിൽ, മെഴുക്കുപുരട്ടി, തോരൻ മുതലായവും മാത്രമേ പാടുള്ളൂ. കാളനോ, പുളിശ്ശേരിയോ, പച്ചടിയോ, കിച്ചടിയോ, പുളീഞ്ച്യാദികളോ ഒന്നും തൊട്ടു പോകരുത്. അങ്ങിനെ ചെയ്താൽ അതിന്റെ അനന്തരഫലങ്ങൾക്ക്, ആസ്വാദകൻ മാത്രമായിരിക്കും ഉത്തരവാദി.

അപ്പോൾ, ഓലൻ, ഇസ്റ്റു, പപ്പടം, മെഴുക്കുപുരട്ടി, തോരൻ, വറത്തുപ്പേരി, മുതലായവ ചേരും.
സാമ്പാറിന്റെ ഒരു മഹത്വം, അവൻ കാളോപരിസ്ഥനായ് സാക്ഷാൽ പരമേശ്വരനായി വിലസിക്കുന്നവനാണ്. അവൻ നിർഗ്ഗുണനാണ്. അതേ സമയം സഗുണനും. അവനിൽ ഷഡ്രസങ്ങളും, നവരസങ്ങളും ചേരുന്നു. അവനെ സേവിച്ചാൽ അവൻ വായ, നാക്ക്, താലു, കണ്ഠം, അന്നനാളം, ആമാശയം എന്നിങ്ങിനെ 'ബ്രഹ്മാണ്ഡകുക്ഷിസ്ഥലത്തിൽ' നടത്തുന്ന താണ്ഡവത്തിൽ, നാം മയങ്ങിവീഴും.

എങ്കിലും ഒരു ചെറിയ വിശേഷ 'സാമ്പാർ വിധി' പറയാം. പലപ്പോഴും സാമ്പാറനെ പാരായണം ചെയ്ത്കൊണ്ടിരിക്കുമ്പോൾ പിന്നാലെ രസവും, മോരും മറ്റും വരും. സാമ്പാറിന് ഒരു എട്ടുരുള ഉണ്ണാം. ഒരു ആറാമത്തെ ഉരുളയുടെ സമയത്താണ് മോരു വരുന്നതെങ്കിൽ (തൈരല്ല. ശ്രദ്ധിക്കുക) ബാക്കി രണ്ടുരുള ചോറിൽ, ആ മോരും ചേർത്ത്, വീണ്ടും അല്പം സാമ്പാറനെ അവാഹിച്ച്, *കൂട്ടിക്കുഴക്കുക* (നിഘണ്ടു നോക്കുക). അപ്പോൾ ഉണ്ടാവുന്ന പായസ സമാനമായ വിഭവത്തിനെ *വടിച്ചു മറിക്കുക*.
ആനന്ദലബ്ധിക്കിനിയെന്തു വേണം!

കുറിപ്പ്:
തെക്കൻ കേരളത്തിൽ സാമ്പാറിന് പകരം പുളിശ്ശേരി വിളമ്പി കണ്ടിട്ടുണ്ട്. പുളിശ്ശേരിക്ക് കാളനുമായുള്ള അടുത്ത ബന്ധം കൊണ്ട് അവിടങ്ങളിൽ കാളൻ ആദ്യം വിളമ്പാറില്ല.
അതേ പോലെ വടക്കൻ കേരളത്തിൽ തേങ്ങയരച്ച് പുളികൂട്ടിയ ഒരു ഒഴിച്ചു കൂട്ടാൻ പതിവുണ്ട്.

<- ദെന്ത് ശ്ലോകാ?                                                                  ഹോ സാമ്പാറ്!! ന്നട്ട്...->

No comments:

Post a Comment