സദ്യവിധി - പ്രഥമൻ

രസോം കൂടി കഴിഞ്ഞാൽ, പ്രഥമൻ/പായസം ആവാം. പ്രഥമൻ എന്നാൽ ഒന്നാമൻ എന്നർത്ഥം. പായസം എന്നാൽ 'പയസ്' = പാൽ ചേർന്നത്. 'പായസാന്നം' = പാൽ ചേർത്ത ചോറ്.


സാധാരണ മധുരത്തിന് ശർക്കരയും, പാലിന് തേങ്ങാപ്പാലും ചേർത്ത 'ശർക്കരപ്പായസവും', മധുരത്തിന് പഞ്ചസാരയും, പാലിന് പശു/എരുമ പാലും ചേർത്ത 'പാൽ പായസവും' ഓരോന്ന് ആണ് പതിവ്. അതിൽ ശർക്കരപ്പായസം, ഗോതമ്പ്, പരിപ്പ്, പഴം, ചക്ക, അട എന്നിങ്ങിനെ വിവിധ വസ്തുക്കൾ കൊണ്ടും, പാൽ പായസം, അരി, അട എന്നിവ കൊണ്ടുമാണ് വിരചിക്കാറ്.
പഴമക്കാർ, ശർക്കരപ്രഥമന് ആണ് പാലിന്റെ മുകളിൽ സ്ഥാനം കൊടുത്തിട്ടുള്ളത്. അതിനു കാരണവുമുണ്ട്. ശർക്കരയാണ് പഞ്ചസാരയെക്കാൾ ശുദ്ധം. തെങ്ങാപ്പാലാണ് പശുവിൻ പാലിനെക്കാൾ ഉത്തമം. സ്ഥാനത്തിൽ ചക്കപ്രഥമൻ > പഴപ്രഥമൻ > പരിപ്പ് പ്രഥമൻ > ഗോതമ്പ് പ്രഥമൻ > അടപ്രഥമൻ എന്നിങ്ങിനെയാണ് ക്രമം.

അടുത്തകാലത്തായി, പാലട മറ്റെല്ലാവരെയും അടിച്ചു വീഴ്തി കേമനായിട്ടുണ്ട്. മറ്റൊന്നും പുതിയ തലമുറ ആസ്വദിക്കാൻ തന്നെ പഠിച്ചിട്ടില്ല. അതിനൊരു കാരണം ശർക്കരയുടെ ഉപയോഗം തന്നെ കുറഞ്ഞതും, നല്ല ശർക്കര കിട്ടാനില്ലാത്തതും, ദേഹണ്ഡക്കാർക്കും പലർക്കും ശരിയായി ഇത് വിരചിക്കാൻ അറിയാത്തതും, അവരുടെ ശ്രദ്ധ കൂടുതൽ പാലടയിൽ പതിഞ്ഞതും മറ്റുമായിരിക്കാം.

എന്തായാലും പ്രഥമൻ നന്നായി കിട്ടാഞ്ഞിട്ടാണ് ഇന്ന് പലരും അതിഷ്ടമല്ല എന്ന് പറയുന്നത്. അവർ കഴിച്ചത് പ്രഥമൻ തന്നെയായിരിക്കില്ല. കുറെ വെള്ളത്തോടു കൂടി എന്തൊക്കെയോ വേവിച്ച ഒരു കുഴമ്പ്. പഴപ്രഥമൻ നേന്ത്രപ്പഴം (ഏത്തപ്പഴം) കൊണ്ടാണുണ്ടാക്കുക. നല്ല പഴയ പ്രഥമൻ യാഥാസ്ഥിതികമായി, ശാസ്ത്രീയമായി ഉണ്ടാക്കുന്നതിങ്ങിനെയാണ്.
അങ്ങിനെ നന്നായി ഉണ്ടാക്കിയ പഴപ്രഥമൻ (ചക്കപ്രഥമനും ഇതുപോലെ തന്നെ. പഴത്തിനു പകരം ചക്കയാണെന്നു മാത്രം) ആണ് സദ്യക്ക് വിളമ്പുന്നതെന്ന് സംകല്പിക്കാം.

ഇതിനകം എരിശ്ശേരി, കാളൻ, ഓലൻ, പച്ചടി, കിച്ചടി, മെഴുക്കുപുരട്ടി അങ്ങിനെ മിക്ക വിഭവങ്ങളും തീർന്ന് എല മിക്കവാറും വൃത്തിയായിട്ടുണ്ടാവും. ഒരു ചട്ടുകം ചോറ് വാങ്ങി എടത്തെ വശത്തേക്ക് നീക്കി വച്ചേക്കൂ. മോരു കൂട്ടിയുണ്ണാൻ. പണ്ടൊക്കെ പായസത്തിനു ശേഷം മോരിന് ചോറു വരുന്ന രീതിയുണ്ടായിരുന്നു. ഇന്ന് ചിലയിടങ്ങളിൽ കാണുന്നില്ല. അതുകൊണ്ടാ പറഞ്ഞെ.

എലയിൽ തന്നെ പ്രഥമൻ വിളമ്പിക്കുക. നമ്മുടെ വക്ക് അല്പം പൊക്കിപ്പ്പിടിക്കാൻ മറക്കണ്ട. രണ്ടു തവി വിളമ്പാം. *വടിച്ചുമറിക്കുക*. അത്ര തന്നെ. വീണ്ടും വീണ്ടും ആവാം. രണ്ടാവർത്തികഴിഞ്ഞാൽ എടത്തേ തലക്കലെ നാരങ്ങാക്കറി (വടുക്കപ്പുളി നാരങ്ങയാണെങ്കിൽ ബഹുകേമാ) നടുവിരലും മോതിരവിരലും കൂട്ടി അരിഞ്ഞിട്ട മുളകുകഷണങ്ങളോടു കൂടി വടിച്ചു നക്കുക. മതിയാവോളം തുടരുക.

എന്റെയൊക്കെ കുട്ടിക്കാലത്ത്, ഞങ്ങൾ, കുട്ടികൾ തന്നെയാണ് സദ്യക്ക് വിളമ്പുക. അവസാനം ഞങ്ങൾ ഇരിക്കുന്ന പന്തിയിൽ വലിയ വാതുവെപ്പ്പും മൽസരവും നടക്കും. ഞങ്ങൾ ഒരുപാട് അർദ്ധസഹോദരങ്ങൾ നിരന്നിരിക്കുന്നുണ്ടാവും. പ്രോൽസാഹനത്തിന് മൂത്തവരും ഉണ്ടാവും, പഴമോ, പരിപ്പോ, ഗോതമ്പോ ആയിരിക്കും പ്രഥമൻ. വിണ്ടും വീണ്ടും വിളമ്പി ഉണ്ടുണ്ട് നാരങ്ങാക്കറി (വടുക്കപ്പുളി നാരങ്ങയാണെങ്കിൽ ബഹുകേമാ) അരിഞ്ഞിട്ട മുളകുകഷണങ്ങളോടു കൂടി വടിച്ചു നക്കി. വീണ്ടും പായസത്തിലേക്ക് തിരിഞ്ഞ് പലവട്ടം ആവർത്തിച്ച്, അവസാനം അവിടെ ത്തന്നെ ആ പന്തിപ്പായയിൽ കിടക്ന്നുറങ്ങും!

കുറിപ്പ്:

ശർക്കരപ്പായസം, (പഴം, ചക്ക, പരിപ്പ്, ഗോതമ്പ് മുതലായവ) പപ്പടം പൊടിച്ചിട്ട് കഴിക്കുക എന്നൊരു രീതി അടുത്തകാലത്തായി കാണപ്പെടുന്നുണ്ട്. ഇതൊരു വ്യതിചലനമോ (aberration) അപവാദമോ (exception) മാത്രമാണ്. സാമാന്യനിയമമല്ല.

<- നീം രസംംം...                                          ഹൗ..ഒന്നാമൻ തന്നെ. ഇനി ->

No comments:

Post a Comment